കോഴിക്കോട് പേരാമ്പ്രയില്‍ അനൗണ്‍സ്മെന്‍റ് വിവാദം നീറിപുകയുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ കൂടുതല്‍ ഇടങ്ങളില്‍ സമാനരീതിയില്‍ എല്‍ഡിഎഫ് അനൗണ്‍സ്മെന്‍റ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തി. തെളിവായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഈ ദൃശ്യങ്ങളും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സമുദായത്തിലെ കുട്ടിയെ വിജയിപ്പിക്കണമെന്ന് മുസ് ലിം ലീഗുകാര്‍ വീടുകളില്‍ കയറി പറയുന്നു എന്നതായിരുന്നു അനൗണ്‍സ്മെന്‍റിലെ വാചകം. എന്നാല്‍ ഈ രീതിയില്‍ അനൗണ്‍സ്മെന്‍റ് നടത്തിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിപി രാമകൃഷ്ണന്‍റെ വാദം
Also Read: പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം: ഇടത് സ്ഥാനാര്‍ഥി ടി.പി. രാമകൃഷ്ണന്് നോട്ടീസ്
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദത്തിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനറും ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന്് നോട്ടീസ് കിട്ടിയിരുന്നു. ഡെപ്യൂട്ടി കലക്ടറാണ് നോട്ടിസയച്ചത്. മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനം ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ എല്‍ഡിഎഫ് അങ്ങനെ പ്രചാരണം നടത്തുന്നില്ലെന്നും പരാതി പരിശോധിക്കട്ടെയെന്നും ടി.പി രാമകൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അനൗണ്‍സ്മെന്‍റിലെ ഒരുവാചകത്തോട് വിയോജിപ്പുണ്ട്. പാര്‍ട്ടി അംഗീകരിച്ച അനൗണ്‍സ്മെന്‍റുകളില്‍ ഇതുണ്ടാകില്ലെന്നും പാര്‍ട്ടിതലത്തില്‍ പരിശോധിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു
വിവാദ അനൗൺസ്മെന്റുമായി ബന്ധമില്ലെന്നും മതം പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ലെന്നും എല്‍.ഡി.എഫിന്റെ വിശദീകരണം വന്നിരുന്നു. വര്‍ഗീയ പരാമര്‍ശം പരാജയ ഭീതി മൂലമാണെന്ന് മുസ്‍ലിം ലീഗ് തിരിച്ചടിച്ചു. എല്ലാം ഇടത് സ്ഥാനാര്‍ഥി അറിഞ്ഞാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്‍ലിയയും പറഞ്ഞു. നിയമനടപടിയുമായി ഏതറ്റംവരെയും പോകും. സമുദായ അംഗത്തിന് വോട്ടു ചെയ്യണമെന്ന് ലീഗ് പ്രചരണം നടത്തുന്നുവെന്ന അനൗണ്‍സ്മെന്റാണ് എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തില്‍നിന്ന് ഉയര്‍ന്നത്.ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഉയര്‍ന്ന കാഫിര്‍ വിവാദത്തിന് സമാനമായിരുന്നു പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദവും. വർഗീയ പ്രചാരണത്തിനെതിരെ യു ഡി എഫ് പരാതി ഉയർത്തിയതോടെ എൽ.ഡി എഫ് ക്യാംപ് അപകടം മണത്തു. കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയ വിവാദം കണക്കെ ഇതും മാറുന്നുവെന്ന് മനസിലാക്കി ഉടന്‍ തള്ളിപ്പറഞ്ഞു. മതം പറഞ്ഞു വോട്ടു പിടിക്കുന്നത് ഇടതു പക്ഷ രീതിയല്ലന്ന് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.
യുഡിഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‍ലിയയോ മുസ്‌ലിം ലീഗോ തുടക്കത്തിൽ ഈ ആരോപണം ഉയർത്തിയിരുന്നില്ല. പകരം കോൺഗ്രസാണ് പരാതിയും ആരോപണങ്ങളും ഉന്നയിച്ചത്. പിറകെ ആരോപണം കടുപ്പിച്ചു മുസ്‌ലിം ലീഗും രംഗത്തെത്തി. വർഗീയ പ്രചാരണത്തിൽ ബിജെപിയെ മറികടക്കാനാണ് സിപിഎം ശ്രമം എന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം ആരോപിച്ചു. ന്യൂനപക്ഷ വോട്ട് ഏകീകരണ ആരോപണം ഉന്നയിച്ചു ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാനാണ് ശ്രമം എന്ന വിമർശനമാണ് എല്‍ഡിഎഫിനെതിരെ ഉയരുന്നത്