ധർമ്മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി കലാ-സാംസ്കാരിക ലോകം. ധർമ്മടം മണ്ഡലത്തിൽ സംഘടിപ്പിച്ച പരിപാടി തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. കമലഹാസനടക്കമുള്ള പ്രമുഖർ മുഖ്യമന്ത്രിക്ക് ആശംസ നേർന്നു.
നവകേരളം വിജയഗാഥ എന്ന പേരിലാണ് മുഖ്യമന്ത്രിക്കായി സാംസ്കാരിക രംഗത്തെ പ്രമുഖർ ഒത്തുചേർന്നത്. മമ്പറത്ത് സംഘടിപ്പിച്ച പരിപാടിയിൽ കമലഹാസൻ മുതൽ റാപ്പർ വേടൻ വരെയുള്ളവർ മുഖ്യമന്ത്രിക്ക് ആശംസയുമായി അണിചേർന്നു.
ബിജെപിയെ കടന്നാക്രമിച്ച നടൻ പ്രകാശ് രാജ് പിണറായി വിജയനെ പോലുള്ളവരിലാണ് മതേതരവാദികളുടെ പ്രതീക്ഷ എന്നും പറഞ്ഞു . തൊട്ടരികിൽ ഇരുത്തി മുഖ്യമന്ത്രിക്ക് സാഹിത്യകാരൻ ടി പത്മനാഭന്റെ ആശംസ. എല്ലാവരുടെയും നല്ല മനസ്സിന് നന്ദിയെന്ന് മുഖ്യമന്ത്രിയുടെ മറുപടി. സംഗീതവും നൃത്തവും ചേർന്നുള്ള കലാ വിരുന്നും വേദിയിൽ അരങ്ങേറി. മുഖ്യമന്ത്രി കുടുംബസമേതം ആണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.