ഇന്ദിര ഗ്യാരന്‍റെി എന്ന പേരില്‍ ആറ് പ്രധാനഉറപ്പുകളുമായി യുഡിഎഫിന്‍റെ പ്രകടനപത്രിക തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൊച്ചിയില്‍ പുറത്തിറക്കി. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1,000 രൂപ പ്രതിമാസ ധനസഹായം, 3000 രൂപയിലേക്ക് ഉയര്‍ത്തുന്ന ക്ഷേമപെന്‍ഷനുകള്‍, റബറിന് 300രൂപ താങ്ങുവില, എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ പരിരക്ഷ ഉറപ്പാക്കുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപാവരെ പലിശ രഹിത വായ്പ , മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങി വമ്പന്‍ പ്രഖ്യാപനങ്ങളടങ്ങുന്നതാണ് യുഡിഎഫ് പ്രകടന പത്രിക.
മിഷൻ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങൾ, ജോബ് വാച്ച് ടവർ, വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി തുടങ്ങിയ യുഡിഎഫിന്‍റെ സ്വപ്ന പദ്ധതികളിൽപ്പെടുന്നു. അർഹരായ കുട്ടികൾക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെ.ആർ. നാരായണൻ സ്കോളർഷിപ്പ് , ലോൺ സ്കോളർഷിപ്പ് എന്നിവ ലഭ്യമാക്കും. അങ്കണവാടികളിലെ കുട്ടികൾക്ക് ത്രൈമാസ മെഡിക്കൽ ചെക്കപ്പ് നടപ്പാക്കും. ആശാ വർക്കർമാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
സംസ്ഥാനത്ത് ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്കുള്ള ഡയാലിസിസ് സൗജന്യമാക്കും. ഡയാലിസിസ് രോഗികൾക്കുള്ള തുടർചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. പാചക തൊഴിലാളികൾക്ക് ഓണറേറിയം കൂട്ടും. യുവാക്കൾക്ക് കുടുംബശ്രീ പോലെ യുവശ്രീ. കമ്യൂണിറ്റി കിച്ചൻ വിപുലീകരിക്കും. ഓൺലൈൻ ടാക്സി സംവിധാനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി കസ്റ്റമർ കെയർ 24/7 ആക്കാൻ നടപടി സ്വീകരിക്കും. സർക്കാർ ആശുപത്രികളിൽ രോഗികൾ നിലത്തു കിടക്കേണ്ട അവസ്ഥയുണ്ടാകില്ല. ഇതിനായി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും.
കേരളത്തെ ഒരു ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷൻ ആക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. എല്ലാ പഞ്ചായത്തിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലൻസ് എത്തുന്ന രീതിയിൽ ആംബുലൻസ് വിന്യാസം നടത്തും. പബ്ലിക് ഹെൽത്ത് കേഡർ സമ്പൂർണമായി നടപ്പാക്കും. പോണ്ടിച്ചേരിയിലെ ജിപ്മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ സ്ഥാപിക്കും. കേരളത്തിൽ മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ സ്ഥാപിക്കും. നിർധനരായ കുടുംബത്തിലെ സ്ത്രീകൾക്ക് മാമ്മോഗ്രാം സൗജന്യമാക്കും. നെല്ലിന് 35 രൂപ സംഭരണ വില നൽകാനും പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മല്‍സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് സബ് പ്ലാൻ നടപ്പിലാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.