kerala-health-director-dr-kj-reena-transfer

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഡോ.കെ.ജെ റീനയെ മാറ്റിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ വിജയം. റീനയെ മാറ്റിയത് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സ്ഥാനമാറ്റം ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ട്രൈബ്യൂണലിനെ സമീപിക്കാനുണ്ടായ കാലതാമസമാണ് റീനയ്ക്ക് തിരിച്ചടിയായത്. 

ആരോഗ്യവകുപ്പിലെ കസേരകളിക്ക് ഹൈക്കോടതിയുടെ വിസില്‍. കെ.ജെ റീനയ്ക്കെതിരെ പടനയിച്ച സര്‍ക്കാരിനും ആരോഗ്യമന്ത്രി കെ മുരളീധരനും തല്‍ക്കാലത്തേയ്ക്ക് ആശ്വാസം. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തെ മാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീസ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രൈബ്യൂണലിന്‍റെ സ്റ്റേ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍റെയും എസ് മുരളീകൃഷ്ണയുടെയും ബെഞ്ച് ചൂണ്ടിക്കാട്ടി. 

റീനയെ പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് മാറ്റി ഡോക്ടര്‍ വി മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചമുതല സര്‍ക്കാര്‍ നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീച്ചത്. ഈ കാലതാമസമാണ് ഹൈക്കോടതിയില്‍ തിരിച്ചടിയായത്. എന്നാല്‍ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ശരിതെറ്റുകളിലേയ്ക്കും ഉള്ളടക്കത്തിലേയ്ക്കും ഹൈക്കോടതി കടന്നിട്ടില്ല. 

ഇക്കാര്യത്തില്‍ ട്രൈബ്യൂണലാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.  റീനയ്ക്ക് ഇനിയും ട്രൈബ്യൂണലിനെ സമീപിക്കാം. അങ്ങിനെയെങ്കില്‍ നിയമപ്പോരാട്ടം തുടരും. റീന മൂന്ന് വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കിയശേഷമാണ് സ്ഥലം മാറ്റം നടത്തിയത്, ഫെബ്രുവരിയില്‍ അവരുടെ ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയായിരുന്നു, അവരെ തരംതാഴത്തിയിട്ടില്ല, സമാനമായ പദവിയാണ് നല്‍കിയത്, ആരോഗ്യമേഖലയിലെ അടിയന്തരസാഹചര്യം കണക്കിലെടുത്താണ് നിയമനം നടത്തിയത് എന്നീ വാദങ്ങളാണ് സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പി എ മുഹമ്മദ് ഷാ ഹൈക്കോടതിയെ ബോധിച്ചത്. പകര്‍ച്ച വ്യാധിക്കാലത്ത് അവധിക്ക് അപേക്ഷിച്ചു എന്നതടക്കം ആരോപണങ്ങള്‍ സര്‍ക്കാര്‍ റീനയ്ക്കെതിരെ ഉന്നയിച്ചിരുന്നു.

ENGLISH SUMMARY:

The Kerala High Court has overturned the Administrative Tribunal's stay on the transfer of DHS Dr. K.J. Reena, providing relief to the government and health department. This decision allows the government to proceed with the transfer order which was initially halted due to procedural irregularities.