നടൻ സലിം കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പറവൂരിൽ പ്രതിപക്ഷനേതാവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിടെ നടത്തിയ പ്രസ്താവനക്കെതിരെ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ റൈറ്റ്സ് ഓഫ് ഡിസേബിൾഡ് എന്ന സംഘടനയാണ് പരാതി നൽകിയത്. പ്രചാരണങ്ങളിൽ നിന്ന് സലിം കുമാറിനെ വിലക്കണമെന്നാണ് ആവശ്യം.

കേരളം കണ്ടാൽ അമേരിക്കയെ പോലെയെന്ന് പറഞ്ഞയാളെ താൻ കണ്ടത് ഊളമ്പാറയിൽവെച്ച് എന്നായിരുന്നു സലീം കുമാറിന്‍റെ പ്രസ്താവന. ഈ പ്രസ്താവന മാനസിക-സാമൂഹിക വെല്ലുവിളികൾ നേരിടുന്നവരെ പൊതുസമൂഹത്തിൽ അപമാനിക്കുന്നതാണ് എന്നാണ് പരാതി. പരാമർശങ്ങൾ ഭിന്നശേഷിക്കാരുടെ അവകാശ നിയമം, മാനസികാരോഗ്യ സംരക്ഷണ നിയo തെരഞ്ഞെടുപ്പ് ചട്ടം എന്നിവയുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

പറവൂർ തിരഞ്ഞെടുപ്പ് കൺവെൻഷനിടെ സലിം കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കായികമന്ത്രി വി.അബ്ദുറഹിമാനെയും പരിഹസിച്ചിരുന്നു. ഇരുവരും ലോകത്തില്ലാത്ത തള്ളുമായി നടക്കുന്നു എന്നാണ് സലിം കുമാര്‍ പറഞ്ഞത്. പിന്നാലെ കേരളത്തിലെ വികസനം അമേരിക്കയിലേത് പോലെ ആണെന്ന് ആളുകൾ പറഞ്ഞതായി മുഖ്യമന്ത്രി പറയുന്നു എന്ന് ചൂണ്ടികാട്ടിയായിരുന്നു സലിം കുമാറിന്‍റെ ഊളംപാറ പരാമര്‍ശം.

‘അങ്ങനെ മുഖ്യമന്ത്രിയോട് പറഞ്ഞ ആളെ താൻ കണ്ടെത്തി. അയാൾ ഊളംപാറയിൽ ചികിൽസയിൽ ആയിരുന്നു’ എന്നായിരുന്നു സലിം കുമാറിന്‍റെ വാക്കുകള്‍. കൂടാതെ മെസിവരും, മെസിവരും എന്നായിരുന്നു മറ്റൊരാളുടെ തള്ള്. രമേഷ് പിഷാരടിയെ തോമസ് ഐസക് കോമാളി എന്ന് വിളിച്ചത് മോശമായിപ്പോയെന്നും സലിം കുമാർ പറഞ്ഞു. 

ENGLISH SUMMARY:

The National Platform for the Rights of Disabled (NPRD) has filed a complaint with the Election Commission against actor Salim Kumar for his remarks during a UDF convention in Paravur. The actor allegedly mocked individuals with mental health conditions while criticizing CM Pinarayi Vijayan. Mental health experts and activists have termed his 'Oolampara' jibe as 'disease shaming' and a violation of the Mental Healthcare Act 2017.