ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വീഴ്ചകളായിരുന്നു തിരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ യുഡിഎഫിന്‍റെ ഏറ്റവും വലിയ ആയുധം. ആ വീണയെ വീഴ്ത്താന്‍ എല്ലാ അടവും പയറ്റിയ യുഡിഎഫിന് ലക്ഷ്യം നിറവേറ്റാനാകുമോ? പ്രവചനം അസാധ്യമെന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ വ്യക്തമാക്കുന്നത്. ആറന്മുളയില്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോണ്‍ഗ്രസിന്‍റെ യുവമുഖം അബിന്‍ വര്‍ക്കി എത്തിയതോടെയാണ് എല്‍ഡിഎഫിന് കാര്യങ്ങള്‍ കടുപ്പമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19,003 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വീണാ ജോര്‍ജ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ.ശിവദാസന്‍ നായരെ വീഴ്ത്തിയത്. 2016ലും വീണ ശിവദാസന്‍ നായരെ തോല്‍പ്പിച്ചിരുന്നു.

പത്തനംതിട്ട ജില്ല

ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളില്‍ അഞ്ചും തൂത്തുവാരിയാണ് എല്‍ഡിഎഫ് 2021ല്‍ അധികാരത്തില്‍ രണ്ടാമൂഴമുറപ്പിച്ചത്. എന്നാല്‍ ഇക്കുറി ആ ആധിപത്യം നഷ്ടമാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. യുഡിഎഫിന് 3 മുതല്‍ 5 സീറ്റ് വരെയാണ് സര്‍വേ കണക്കാക്കുന്ന റേഞ്ച്. ഇടതുമുന്നണിക്ക് പ്രവചിക്കുന്നത് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ്. എന്‍ഡിഎയ്ക്ക് ഇക്കുറിയും പത്തനംതിട്ട ജില്ലയില്‍ ജയസാധ്യതയില്ലെന്ന് സര്‍വേ പറയുന്നു.

വോട്ട് വിഹിതത്തില്‍ യുഡിഎഫാണ് മുന്നില്‍. സര്‍വേയില്‍ ലഭിച്ച ഡേറ്റ പ്രകാരം 36 ശതമാനം വോട്ട് യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിയുടെ വോട്ട് ഷെയര്‍ 33 ശതമാനമാണ്. എന്‍ഡിഎയുടെ വോട്ടിലുണ്ടാകുന്ന വര്‍ധന ഇരുമുന്നണികളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 22 ശതമാനം വോട്ട് ഇക്കുറി എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് സി–വോട്ടര്‍ പ്രവചിക്കുന്നു. സ്വതന്ത്രരും മറ്റുകക്ഷികളും ചേര്‍ന്ന് 9 ശതമാനം വോട്ട് കരസ്ഥമാക്കിയേക്കും.

ഹോട്ട് സീറ്റ് – അടൂര്‍

കഴിഞ്ഞ തിര‍ഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് അടൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറിന്‍റെ ഭൂരിപക്ഷം 2919 മാത്രമായിരുന്നു. ഇക്കുറി യുഡിഎഫിന് മണ്ഡലത്തില്‍ നേരിയ സാധ്യതയുണ്ടെന്നാണ് പ്രീ–പോള്‍ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിലെ അഡ്വ. സി.വി.ശാന്തകുമാറാണ് അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയുടെ യുവമുഖം പ്രിജി കണ്ണനാണ് ചിറ്റയം ഗോപകുമാറിന്‍റെ പിന്‍ഗാമിയായി അടൂര്‍ നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. ബിജെപിയിലെ പന്തളം പ്രതാപന്‍ എന്‍ഡിഎയ്ക്കുവേണ്ടി രംഗത്തുണ്ട്.

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. ആകെ 89,693 പേര്‍ സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി–വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും കൃത്യമായി പാലിച്ചിട്ടുമുണ്ട്.

ENGLISH SUMMARY:

The Manorama News – C-Voter Mega Election Survey predicts that Health Minister Veena George is likely to retain her seat in Aranmula despite a strong challenge from UDF’s youth leader Abin Varkey. While the LDF holds an edge in Aranmula, the survey suggests a significant overall decline for the ruling front in Pathanamthitta district, where they swept all five seats in 2021. The UDF is projected to make a major comeback in the district, potentially winning 3 to 5 seats, backed by a leading 36% vote share. In the "hot seat" of Adoor, the survey indicates a slight advantage for the UDF in what is expected to be a very close contest.