kollam-survay-main

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ കൊല്ലം ജില്ലയില്‍ ഇക്കുറി ഇടത് തരംഗമുണ്ടാവില്ലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. എന്നാല്‍ യുഡിഎഫിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ ഇത്തവണയും എല്‍ഡിഎഫിന് കഴിയുമെന്ന് സര്‍വേ പ്രവചിക്കുന്നു. ജില്ലയില്‍ ഇടതുമുന്നണി അഞ്ചുമുതല്‍ ഏഴ് സീറ്റ് വരെ നേടുമെന്നാണ് സര്‍വേ ഫലം. യുഡിഎഫിന് നാലുമുതല്‍ ആറ് സീറ്റ് വരെ ലഭിച്ചേക്കാം. എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളൊന്നും ഇക്കുറിയും കൊല്ലം ജില്ലയില്‍ ഇല്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

 

2021ലെ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിയും കുണ്ടറയും ഒഴികെ എല്ലായിടത്തും എല്‍ഡിഎഫ് ആണ് ജയിച്ചത്. ഇക്കുറി മുന്നണിക്ക് ജില്ലയില്‍ വോട്ട് വിഹിതം കുറയുമെന്ന് സര്‍വേ അനുമാനിക്കുന്നു. 36 ശതമാനമാണ് എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വോട്ട് വിഹിതം. യുഡിഎഫിന് 38 ശതമാനം വോട്ട് ഷെയര്‍ ലഭിച്ചേക്കാം. എന്‍ഡിഎയുടെ വോട്ട് വിഹിതം 18 ശതമാനമാകുമെന്നാണ് പ്രവചനം. സ്വതന്ത്രരും മറ്റുള്ളവരും ശേഷിച്ച എട്ടുശതമാനം വോട്ട് പിടിക്കുമെന്നും സര്‍വേ പറയുന്നു.

 

ഹോട്ട് സീറ്റ് – പത്തനാപുരം

 

ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ വീണ്ടും മല്‍സരിക്കുന്ന പത്തനാപുരത്താണ് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. കഴിഞ്ഞതവണ ഗണേഷിനെ നേരിട്ട ജ്യോതികുമാര്‍ ചാമക്കാല തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. നന്നായി ഹോംവര്‍ക്കും ഗ്രൗണ്ട് വര്‍ക്കും നടത്തി മുന്‍പത്തെക്കാള്‍ മികച്ച തയാറെടുപ്പോടെയാണ് ചാമക്കാല രംഗത്തുള്ളത്. നേരിയ എഡ്ജ് ഗണേഷിനുണ്ടെങ്കിലും പോരാട്ടം കഠിനമാണെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ വ്യക്തമാക്കുന്നു. 2021ല്‍ 14,336 വോട്ടിനാണ് ഗണേഷ് ജ്യോതികുമാറിനെ തോല്‍പ്പിച്ചത്.

hot-seat-pathanapuram

 

ഹോട്ട് സീറ്റ് – കൊട്ടാരക്കര

 

സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ കെ.എന്‍.ബാലഗോപാല്‍ മുന്‍ എംഎല്‍എ ഐഷ പോറ്റിയെ നേരിടുന്ന കൊട്ടാരക്കര സംസ്ഥാനശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ്. സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ ഐഷ പോറ്റിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ ആര്‍.രശ്മിയും ബാലഗോപാലിന് വലിയ വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ് സി–വോട്ടര്‍ സര്‍വേ പ്രവചനം. കൊട്ടാരക്കരയില്‍ എല്‍ഡിഎഫിനാണ് ജയസാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.എന്‍.ബാലഗോപാല്‍ ആര്‍.രശ്മിയെ 10,814 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

hot-seat-kottarakkara

 

ഹോട്ട് സീറ്റ് – കൊല്ലം

 

കൊല്ലത്ത് രണ്ടുവട്ടം ജയിച്ച എം.മുകേഷിന്‍റെ പിന്‍ഗാമി ആരാകും? മുതിര്‍ന്ന നേതാവ് എസ്.ജയമോഹനെ രംഗത്തിറക്കിയ തീരുമാനം സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് സി–വോട്ടര്‍ സര്‍വേ പ്രവചനം. കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്കാണ് കൊല്ലം മണ്ഡലത്തില്‍ ജയസാധ്യത. കഴിഞ്ഞ തിര‍ഞ്ഞെടുപ്പില്‍ വെറും 2072 വോട്ടിനാണ് ബിന്ദു കൃഷ്ണ എം.മുകേഷിനോട് തോറ്റത്. ഡോ.എന്‍. പ്രതാപ് കുമാര്‍ ആണ് ഇക്കുറി ഇവിടെ ബിജെപി സ്ഥാനാര്‍ഥി.

hot-seat-kollam

 

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. ആകെ 89,693 പേര്‍ സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കിയാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

 

വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി–വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും കൃത്യമായി പാലിച്ചിട്ടുമുണ്ട്.

 

ENGLISH SUMMARY:

The Manorama News – C-Voter Mega Election Survey suggests that the LDF's absolute dominance in Kollam is fading, though it may still maintain a slight edge over the UDF. The survey projects 5 to 7 seats for the LDF and 4 to 6 seats for the UDF, a significant shift from the 2021 results where the left front swept almost the entire district. While Minister K.N. Balagopal is expected to retain Kottarakkara, the UDF's Bindu Krishna shows a strong winning probability in the Kollam constituency against the LDF. In Pathanapuram, Minister K.B. Ganesh Kumar faces a tough challenge from Congress's Jyothikumar Chamakkala, with the survey indicating only a narrow lead for the incumbent.