സംസ്ഥാനത്ത് ഏറ്റവും കനത്ത പോരാട്ടം നടക്കുന്ന നിയമസഭാമണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കോണ്‍ഗ്രസിന്‍റെ താരം രമേഷ് പിഷാരടിയും മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനും എല്‍ഡിഎഫിലെ എന്‍.എം.ആര്‍.റസാഖും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം. അതില്‍ സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ വിവാദങ്ങളെല്ലാം മറികടന്ന് യുഡിഎഫ് സീറ്റ് നിലനിര്‍ത്തുമെന്നാണ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ പ്രവചനം. 2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ 3959 വോട്ടിനാണ് എന്‍ഡിഎയിലെ ഇ.ശ്രീധരനെ തോല്‍പ്പിച്ചത്. ഷാഫി എംപിയായതിനെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്തി.

പാലക്കാട് ജില്ല

വമ്പന്‍ പോരാട്ടങ്ങള്‍ നടക്കുന്ന പാലക്കാട് ജില്ലയില്‍ ഇക്കുറിയും എല്‍ഡിഎഫിനാണ് വ്യക്തമായ മേല്‍ക്കൈ. ഇവിടത്തെ 12 നിയമസഭാമണ്ഡലങ്ങളില്‍ 8 മുതല്‍ 10 വരെ ഇടതുമുന്നണി പിടിക്കും എന്നാണ് പ്രവചനം. യുഡിഎഫിന് 2 മുതല്‍ 4 സീറ്റുവരെ ലഭിച്ചേക്കാം. എന്‍ഡിഎയ്ക്ക് വിജയസാധ്യത ഇല്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യം ബിജെപിക്ക് വലിയ പ്രതീക്ഷ പകര്‍ന്നിരുന്നു. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ രണ്ട് ശതമാനത്തിന്‍റെ വ്യത്യാസമുണ്ട്. എല്‍ഡിഎഫിന് 38 ശതമാനവും യുഡിഎഫിന് 36 ശതമാനവും. 19 ശതമാനമാണ് എന്‍ഡിഎയ്ക്ക് പ്രതീക്ഷിക്കുന്ന വോട്ട് വിഹിതം. സ്വതന്ത്രരും മറ്റ് കക്ഷികളും 7 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പറയുന്നു.

ഹോട്ട് സീറ്റ് – തൃത്താല

മന്ത്രി എം.ബി.രാജേഷ് വീണ്ടും ജനവിധി തേടുന്ന തൃത്താലയില്‍ ഇക്കുറി എല്‍ഡിഎഫിന് കാര്യങ്ങള്‍ ഈസിയാവില്ലെന്നാണ് പ്രീ–പോള്‍ സര്‍വേ ഫലം. കഴിഞ്ഞതവണ രാജേഷ് തോല്‍പ്പിച്ച വി.ടി.ബല്‍റാമിന് ഇക്കുറി നേരിയ വിജയസാധ്യത ഉണ്ടെന്ന് സി–വോട്ടര്‍ പ്രവചിക്കുന്നു. വി.ഉണ്ണിക്കൃഷ്ണനാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥി. 2021ലെ തിരഞ്ഞെടുപ്പില്‍ 3016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് തൃത്താലയില്‍ എം.ബി.രാജേഷ് വി.ടി.ബല്‍റാമിനെ കീഴടക്കിയത്.

ഹോട്ട് സീറ്റ് – ഒറ്റപ്പാലം

ഒറ്റപ്പാലം ഇടതുകോട്ടയായി തുടരുമെന്നാണ് സി–വോട്ടര്‍ സര്‍വേ പ്രവചനം. 2021ല്‍ 15,152 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സിപിഎം ജയിച്ച മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ അഡ്വ. കെ.പ്രേംകുമാർ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം മുന്‍ നേതാവ് പി.കെ.ശശി യുഡിഎഫ് സ്വതന്ത്രനായി അരങ്ങേറിയത് പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാനിടയില്ലെന്നാണ് സര്‍വേ ഫലം. ഇപ്പോള്‍ ഇടതുപക്ഷത്തുള്ള ഡോ.പി.സരിന്‍ ആയിരുന്നു 2021ല്‍ ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സംവിധായകനും നടനുമായ മേജര്‍ രവിയാണ് ഇക്കുറി എന്‍ഡിഎയ്ക്കുവേണ്ടി രംഗത്തുള്ളത്.

ENGLISH SUMMARY:

Palakkad has emerged as one of the most fiercely contested constituencies in Kerala, with a high-voltage three-way battle between Congress candidate Ramesh Pisharody, BJP leader Sobha Surendran, and LDF’s N.M.R. Razaq. According to the Manorama News–C Voter Mega Election Survey, despite recent controversies involving sitting MLA Rahul Mamkootathil, the UDF is likely to retain the seat.