ഇടതിനും യുഡിഎഫിനും ശക്തമായ സ്വാധീനമുള്ള ഇടുക്കിയില്‍ ഇക്കുറി ആര് കൊടിപാറിക്കും? ഇടുക്കിയില്‍ മിടുക്ക് യുഡിഎഫിന് എന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ പ്രീപോള്‍ സര്‍വേ പ്രവചിക്കുന്നത്. ആകെയുള്ള അഞ്ച് സീറ്റില്‍ രണ്ട് മുതല്‍ അഞ്ചുവരെ യുഡിഎഫ് നേടിയേക്കാമെന്നാണ് സര്‍വേ ഫലം. ഇടതുമുന്നണിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെ ലഭിക്കാനേ സാധ്യതയുള്ളു. എറണാകുളത്തെപ്പോലെ ഇടുക്കിയിലും എന്‍ഡിഎയ്ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്ല.
വോട്ട് വിഹിതത്തില്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫ് മികച്ച നിലയിലാണ്. അവര്‍ക്ക് 43 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ അനുമാനിക്കുന്നു. 35 ശതമാനമാണ് എല്‍ഡിഎഫിന്‍റെ ഷെയര്‍. എന്‍ഡിഎയുടേത് 13 ശതമാനവും. മറ്റുകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 9 ശതമാനം വോട്ടും കരസ്ഥമാക്കാന്‍ സാധ്യതയുണ്ട്.
ഇടുക്കി മണ്ഡലമാണ് ജില്ലയിലെ ഹോട്ട് സീറ്റ്. ഇവിടെ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ നന്നായി വിയര്‍ക്കുമെന്നാണ് സര്‍വേ ഫലം. യുഡിഎഫിനാണ് ജയസാധ്യത പ്രവചിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ റോഷി 5573 വോട്ടിനാണ് കേരള കോണ്‍ഗ്രസിലെ കെ.ഫ്രാന്‍സിസ് ജോര്‍ജിനെ തോല്‍പ്പിച്ചത്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോയ് കെ.പൗലോസ് ഇക്കുറി ഇടുക്കിയില്‍ രംഗത്തിറങ്ങിയതോടെ ചിത്രം മാറുന്ന ലക്ഷണമാണ് കാണുന്നത്. ബിഡിജെഎസിലെ പ്രതീഷ് പ്രഭയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.
മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.