താരസംഘടനയായ അമ്മയിൽ പൊട്ടിത്തെറി. അമ്മയുടെ ഓഫിസ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്‍ അധോലോകമാക്കിയെന്നും പ്രസിഡന്റിനെ ഒന്നും അറിയിക്കുന്നില്ലെന്നും വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ ആരോപിച്ചു. ടിനി ടോമിനെതിരെ അൻസിബ ഹസനും നീന കുറുപ്പും ഉന്നയിച്ച ഗുരുതര പരാതികള്‍ തെറ്റാണ്.
അടുത്തതായി ഇവരുടെ ഉന്നം അമ്മയുടെ പ്രസിഡന്‍റാണെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. ടിനി ടോം അശ്ലീലം പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ് അമ്മയ്ക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാെലയാണ് അമ്മയിലെ ചേരിതിരിവ് വെളിവാക്കി ലക്ഷ്മി പ്രിയ വാർത്താസമ്മേളനം നടത്തിയത്. തെറി പറഞ്ഞത് ടിനി ടോം അല്ല നീന കുറുപ്പാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
അതേസമയം, താരസംഘടന അമ്മ ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർവതി ആവശ്യപ്പെട്ടു. ശ്വേതയും കുക്കു പരമേശ്വരനും രണ്ട് തട്ടിലാണെന്നും അമ്മയിലെ വിഷയങ്ങൾ സംബന്ധിച്ച് അംഗങ്ങൾക്ക് ഒരു തരത്തിലുമുള്ള വിവരവും ലഭിക്കുന്നില്ലെന്നും മാല പാർവതി പറഞ്ഞു.
ഒരു വർഷം മുൻപ് വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ ഭരണസമിതിക്കെതിരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ തുടർച്ചയായി ഉയരുന്നത്. ഭാരവാഹികളിൽ ചിലർ രാജിവച്ചെന്ന വിവരങ്ങൾ പോലും സംഘടനയിലെ മറ്റ് അംഗങ്ങൾ അറിയുന്നത് ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ്. ഔദ്യോഗികമായി യാതൊരു ആശയവിനിമയവും ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടക്കുന്നില്ലെന്നും മാല പാര്‍വതി ആരോപിച്ചു.