മലബാറിന് പിന്നാലെ മധ്യകേരളത്തില്‍ അഞ്ച് ജില്ലകളിലെ അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവിട്ട് മനോരമന്യൂസ്. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 53 സീറ്റുകളിലെ സര്‍വേഫലമാണ് ജില്ലാ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചത്. യുഡിഎഫിന്‍റെ തിരിച്ചുവരവാണ് മധ്യകേരളത്തിലെ സര്‍വേഫലം കാണിക്കുന്നത്. ആകെയുള്ള 53 സീറ്റില്‍ യുഡിഎഫിന് 29 മുതല്‍ 33 വരെ സീറ്റുകള്‍ ലഭിച്ചേക്കാം. 20 മുതല്‍ 24 വരെ സീറ്റാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ ഈ അഞ്ച് ജില്ലകളില്‍ നിന്ന് എല്‍ഡിഎഫ് 36 സീറ്റ് നേടിയിരുന്നു. യുഡിഎഫിന് 17 സീറ്റ് മാത്രമേ ലഭിച്ചുള്ളു. ഇതാണ് എല്‍ഡിഎഫിന്‍റെ തുടര്‍ഭരണത്തില്‍ നിര്‍ണായകമായത്. മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ ഫലമനുസരിച്ച് എല്‍ഡിഎഫിന് ഇക്കുറി 12 മുതല്‍ 16 വരെ സീറ്റുകള്‍ നഷ്ടമായേക്കാം. യുഡിഎഫിന് 12 മുതല്‍ 21 സീറ്റ് വരെ നേട്ടമുണ്ടായേക്കാമെന്നും സി വോട്ടര്‍ സര്‍വേ പറയുന്നു. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ് മധ്യകേരളത്തിലെ സര്‍വേ നല്‍കുന്ന സാധ്യത.
ഉത്തരകേരളത്തിലെയും മധ്യകേരളത്തിലെയും ആകെ മണ്ഡലങ്ങളിലെ സര്‍വേഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് ആശ്വസിക്കാം. ഇതുവരെ പരിശോധിച്ച 101 സീറ്റുകളില്‍ ഐക്യജനാധിപത്യ മുന്നണിക്ക് 57 മുതല്‍ 65 സീറ്റാണ് സി വോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് കിട്ടാന്‍ സാധ്യത 36 മുതല്‍ 44 വരെ സീറ്റാണ്. എന്‍ഡിഎയ്ക്ക് ഉറച്ച മണ്ഡലങ്ങളില്ലെങ്കിലും പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെ സി വോട്ടര്‍ പ്രവചിക്കുന്നു. വടക്കും മധ്യകേരളത്തിലുമായി സര്‍വേ നടന്ന സീറ്റുകളില്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെടാന്‍ സാധ്യതയുള്ളത് 20 മുതല്‍ 24 വരെ സീറ്റുകളാണ്. യുഡിഎഫിന് 2021നെ അപേക്ഷിച്ച് 20 മുതല്‍ 28 സീറ്റ് വരെ അധികം ലഭിക്കാമെന്നും സി വോട്ടര്‍ സര്‍വേ പറയുന്നു. ഇതോടെ തെക്കന്‍ കേരളത്തിലെ ഫലം നിര്‍ണായകമായി. അത് ചൊവ്വാഴ്ച രാത്രി 8 മുതല്‍ മനോരമന്യൂസില്‍ കാണാം.
വമ്പന്‍ പോരാട്ടങ്ങള്‍ നടക്കുന്ന പാലക്കാട് ജില്ലയില്‍ ഇക്കുറിയും എല്‍ഡിഎഫിനാണ് വ്യക്തമായ മേല്‍ക്കൈ. ഇവിടത്തെ 12 നിയമസഭാമണ്ഡലങ്ങളില്‍ 8 മുതല്‍ 10 വരെ ഇടതുമുന്നണി പിടിക്കും എന്നാണ് പ്രവചനം. യുഡിഎഫിന് 2 മുതല്‍ 4 സീറ്റുവരെ ലഭിച്ചേക്കാം. എന്‍ഡിഎയ്ക്ക് വിജയസാധ്യത ഇല്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍റെ സാന്നിധ്യം ബിജെപിക്ക് വലിയ പ്രതീക്ഷ പകര്‍ന്നിരുന്നു. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ രണ്ട് ശതമാനത്തിന്‍റെ വ്യത്യാസമുണ്ട്. എല്‍ഡിഎഫിന് 38 ശതമാനവും യുഡിഎഫിന് 36 ശതമാനവും. 19 ശതമാനമാണ് എന്‍ഡിഎയ്ക്ക് പ്രതീക്ഷിക്കുന്ന വോട്ട് വിഹിതം. സ്വതന്ത്രരും മറ്റ് കക്ഷികളും 7 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പറയുന്നു.
തൃശൂരിലും ഇടതുമുന്നണിക്ക് ആവേശം പകരുന്ന ഫലമാണ് പ്രീ പോള്‍ സര്‍വേയില്‍ കാണുന്നത്. സീറ്റെണ്ണത്തിലും വോട്ട് വിഹിതത്തിലും എല്‍ഡിഎഫ് ആണ് മുന്നില്‍. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 9 മുതല്‍ 11 വരെ സീറ്റുകള്‍ ഇടതുമുന്നണി പിടിക്കും എന്നാണ് പ്രവചനം. യുഡിഎഫിന് രണ്ട് മുതല്‍ നാല് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. എന്‍ഡിഎയ്ക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെ പ്രവചിക്കുന്നുണ്ട്. എല്‍ഡിഎഫ് തൃശൂരില്‍ 36 ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫിന് പ്രവചിക്കുന്ന വിഹിതം 33 ശതമാനമാണ്. എന്‍ഡിഎയ്ക്ക് 23 ശതമാനം വോട്ട് പ്രതീക്ഷിക്കാം. മറ്റുകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 8 ശതമാനം വരെ വോട്ട് കരസ്ഥമാക്കിയേക്കാം.
14 നിയമസഭാമണ്ഡലങ്ങളുള്ള എറണാകുളത്ത് യുഡിഎഫ് ആധിപത്യമാണ്. 12 മുതല്‍ 14 സീറ്റ് വരെ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചേക്കുമെന്നാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ പ്രവചനം. എല്‍ഡിഎഫിന് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ് കണക്കാക്കുന്നത്. എന്‍ഡിഎയ്ക്ക് ഒരിടത്തും ജയസാധ്യത ഇല്ല. വോട്ട് വിഹിതത്തിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. 42 ശതമാനമാണ് ജില്ലയില്‍ മുന്നണിയുടെ വോട്ട് ഷെയര്‍. എല്‍ഡിഎഫിന് പ്രവചിക്കുന്നത് 32 ശതമാനവും. എന്‍ഡിഎ 14 ശതമാനം വോട്ട് നേടുമ്പോള്‍ മറ്റ് കക്ഷികള്‍ക്ക് 12 ശതമാനം വോട്ട് ലഭിക്കുമെന്ന പ്രത്യേകത കൂടി എറണാകുളത്തിനുണ്ട്.
ഇടുക്കി ജില്ലയില്‍ യുഡിഎഫിന് മേല്‍ക്കൈ പ്രവചിക്കുന്നു. ആകെയുള്ള അഞ്ച് സീറ്റില്‍ രണ്ട് മുതല്‍ അഞ്ചുവരെ യുഡിഎഫ് നേടിയേക്കാമെന്നാണ് സര്‍വേ ഫലം. ഇടതുമുന്നണിക്ക് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെ ലഭിക്കാനേ സാധ്യതയുള്ളു. എറണാകുളത്തെപ്പോലെ ഇടുക്കിയിലും എന്‍ഡിഎയ്ക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്ല. വോട്ട് വിഹിതത്തില്‍ ഇടുക്കി ജില്ലയില്‍ യുഡിഎഫ് മികച്ച നിലയിലാണ്. അവര്‍ക്ക് 43 ശതമാനം വോട്ട് ലഭിക്കുമെന്ന് സര്‍വേ അനുമാനിക്കുന്നു. 35 ശതമാനമാണ് എല്‍ഡിഎഫിന്‍റെ ഷെയര്‍. എന്‍ഡിഎയുടേത് 13 ശതമാനവും. മറ്റുകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 9 ശതമാനം വോട്ടും കരസ്ഥമാക്കാന്‍ സാധ്യതയുണ്ട്.
കോട്ടയത്തും യുഡിഎഫ് പ്രതാപം നിലനിര്‍ത്തുന്ന കാഴ്ചയാണ് സര്‍വേയില്‍. 40 ശതമാനം വോട്ട് ഷെയറും 7 മുതല്‍ 9 വരെ സീറ്റുമാണ് പ്രവചനം. ജില്ലയില്‍ ആകെ 9 നിയമസഭാസീറ്റുകളാണ് ഉള്ളത്. എല്‍ഡിഎഫിന് പൂജ്യം മുതല്‍ രണ്ട് വരെ സീറ്റും 34 ശതമാനം വോട്ടുമാണ് സര്‍വേ അനുമാനിക്കുന്നത്. എന്‍ഡിഎയ്ക്ക് 17 ശതമാനവും മറ്റുള്ളവര്‍ക്ക് 9 ശതമാനവുമാണ് വോട്ട് ഷെയര്‍. യുഡിഎഫും എല്‍ഡിഎഫും അല്ലാതെ ആര്‍ക്കും കോട്ടയത്ത് ജയസാധ്യത കാണുന്നില്ല.
കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.
മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.