ക്രമാനുഗതമായുള്ള വോട്ട് വര്‍ധനയിലൂടെ ബിജെപി ഏറ്റവും പ്രതീക്ഷവെയ്ക്കുന്ന കൊല്ലം ജില്ലയിലെ മണ്ഡലമാണ് ചാത്തന്നൂര്‍. എന്നാല്‍ കോണ്‍ഗ്രസ് യുവമുഖമായ സൂരജ് രവിയെക്കൂടി രംഗത്തിറക്കിയതിലൂടെ ശക്തമായ ത്രികോണമല്‍സരത്തിലേക്ക് വഴി മാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു തവണയായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലത്തില്‍ സിപിഐയുടെ ജി.എസ്.ജയലാല്‍ ആയിരുന്നു എം.എല്‍.എ. 

1982 ലും 91 ലും സി.വി.പത്മരാജനും 2001 ല്‍ പ്രതാപവര്‍മ്മ തമ്പാനും ജയിച്ചതൊഴിച്ചാല്‍ യുഡിഎഫ് മണ്ഡലത്തില്‍ വിജയിച്ചിട്ടില്ല. അലസമായി കൈകാര്യം ചെയ്തതോടെ ബിജെപി മണ്ഡലത്തില്‍ വളര്‍ന്നു. കഴിഞ്ഞ തവണ ബിജെപി 42090 വോട്ട് പിടിച്ചപ്പോള്‍ യുഡിഎഫിന് 34280 വോട്ട് മാത്രമേ പിടിക്കാനായുള്ളു. ഇത്തവണ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിനു നല്‍കാന്‍ തീരുമാനിച്ചതോടെ വലിയ പ്രതിഷേധം ഉയര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിഭീക്ഷണി വരെ മുഴക്കി. പിന്നീട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയും യുവ മുഖവുമായ സൂരജ് രവിയെ കളത്തിലിറക്കി.

മുന്‍ എം.എല്‍.എ ജയലാലിനെ തന്നെ വീണ്ടും മല്‍സരിപ്പിക്കണമെന്നു സിപിഐ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടെങ്കില്‍ മൂന്നു തവണയില്‍ കൂടുതല്‍ നല്‍കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതോടെയാണ് ആര്‍.രാജേന്ദ്രന്‍ എത്തിയത്. പരിചയസമ്പന്നത വോട്ടായി മാറുമെന്നാണ് സിപിഐ പ്രതീക്ഷ.കഴിഞ്ഞ രണ്ടുതവണയും വോട്ട് ക്രമാനുഗതമായി ഉയര്‍‌ത്തിയ ബി.ബി ഗോപകുമാര്‍ തന്നെയാണ് ഇത്തവണയും എന്‍ഡിഎ സ്ഥാനാര്‍ഥി. യുഡിഎഫും ആലസ്യം വിട്ടു സജീവമായതോടെ മണ്ഡലത്തില്‍ പോരാട്ടം ആവേശത്തിലായി. 

ENGLISH SUMMARY:

Chathannoor constituency is witnessing a strong triangular fight in the Kerala Assembly elections. Malayala Manorama Online News reports that the BJP, which has been steadily increasing its vote share, faces tough competition from Congress's young leader Suraj Ravi and CPI's R Rajendran.