കോട്ടയത്തും യുഡിഎഫ് പ്രതാപം നിലനിര്‍ത്തുന്ന കാഴ്ചയാണ് സര്‍വേയില്‍. 40 ശതമാനം വോട്ട് ഷെയറും 7 മുതല്‍ 9 വരെ സീറ്റുമാണ് പ്രവചനം. ജില്ലയില്‍ ആകെ 9 നിയമസഭാസീറ്റുകളാണ് ഉള്ളത്. എല്‍ഡിഎഫിന് പൂജ്യം മുതല്‍ രണ്ട് വരെ സീറ്റും 34 ശതമാനം വോട്ടുമാണ് സര്‍വേ അനുമാനിക്കുന്നത്. എന്‍ഡിഎയ്ക്ക് 17 ശതമാനവും മറ്റുള്ളവര്‍ക്ക് 9 ശതമാനവുമാണ് വോട്ട് ഷെയര്‍. യുഡിഎഫും എല്‍ഡിഎഫും അല്ലാതെ ആര്‍ക്കും കോട്ടയത്ത് ജയസാധ്യത കാണുന്നില്ല.
കോട്ടയം ജില്ല
2021ല്‍ കോട്ടയം ജില്ലയില്‍ നാല് നിയമസഭാ സീറ്റുകളില്‍ യുഡിഎഫും 5 സീറ്റുകളില്‍ എല്‍ഡിഎഫുമായിരുന്നു. എന്നാല്‍ ഇക്കുറി ഈ ബലാബലം ഉണ്ടാകില്ലെന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ പറയുന്നത്. എല്‍ഡിഎഫ് പൂജ്യം മുതല്‍ രണ്ടുവരെയുള്ള സീറ്റുകളില്‍ ഒതുങ്ങും. അതേസമയം, യുഡിഎഫ് 7 മുതല്‍ 9 വരെ സീറ്റുകള്‍ നേടാം. എന്‍ഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിക്കാന്‍ സാധ്യതയുമില്ല. എല്‍ഡിഎഫ് 34% ശതമാനം വോട്ട് നേടുമ്പോള്‍ യുഡിഎഫിനുള്ള വോട്ട് പ്രവചനം 40 ശതമാനമാണ്. എന്‍ഡിഎയ്ക്ക് 17% വും. മറ്റുകക്ഷികളും സ്വതന്ത്രരും ചേര്‍ന്ന് 9 ശതമാനം വരെ വോട്ട് നേടിയേക്കാം.
ഹോട്ട് സീറ്റ് – ചങ്ങനാശേരി
എല്‍ഡിഎഫിനായി വേണ്ടി കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ജോബ് മൈക്കിളാണ് ചങ്ങനാശേരിയില്‍ മല്‍സരിക്കുന്നത്. 2021ല്‍ 55,425 വോട്ടുകൾ നേടിയായിരുന്നു ജോബ് മൈക്കിളിന്‍റെ ജയം. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച വി.ജെ.ലാലിയെയാണ് ജോബ് പരാജയപ്പെടുത്തിയത്. ഈ ആറായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷം തന്നെ ചങ്ങനാശേരിയുടെ കടുത്ത മല്‍സരത്തെ സൂചിപ്പിക്കുന്നതാണ്.
ഇത്തവണ യുഡിഎഫിനായി കേരളാ കോൺഗ്രസിന്റെ വിനു ജോബാണ് മല്‍സരിക്കുന്നത്. രണ്ടു സ്ഥാനാര്‍ഥികളിലും പേരിന്‍റെ ഒരുഭാഗം ഒരുപോലെ ആയതും ഇവിടെ കൗതുകം ഉണര്‍ത്തുന്നുണ്ട്. അതേസമയം, ബി.രാധാകൃഷ്ണ മേനോനാണ് ചങ്ങനാശ്ശേരിയിലെ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച മണ്ഡലമാണെങ്കില്‍ ഇത്തവണ യുഡിഎഫിലേക്കാണ് ചങ്ങനാശ്ശേരിയുടെ ചാഞ്ചാട്ടമെന്നാണ് സര്‍വ്വേ. യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബിനാണ് വിജയ സാധ്യത.
ഹോട്ട് സീറ്റ്– പൂഞ്ഞാര്‍
പൂഞ്ഞാറില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സര്‍വേ പ്രതീക്ഷിക്കുന്നത്. സിറ്റിങ് എംഎല്‍എയായ കേരളാ കോൺഗ്രസ് എമ്മിന്‍റെ സെബാസ്റ്റ്യൻ കുളത്തുങ്കലാണ് എല്‍ഡിഎഫിനായി കളത്തിലിറങ്ങുന്നത്. യുഡിഎഫിന്റെ കോട്ടയായ പൂഞ്ഞാർ തിരികെപ്പിടിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി എം.ജെ.സെബാസ്റ്റ്യന്‍റെ (സജി ജോസഫ്) ശ്രമം. കേരള കോണ്‍ഗ്രസ് എം വിട്ട് രണ്ടുതവണയായി സ്വതന്ത്രനായി മല്‍സരിക്കുകയും പിന്നീട് 2024 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്ത പി.സി.ജോര്‍ജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 1996 മുതല്‍ 2016 വരെ പി.സി.ജോര്‍ജ് വിജയിച്ച മണ്ഡലമാണിത്. മുന്നണികൾ മാറിയെങ്കിലും ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ പി.സി.ജോര്‍ജിന് എന്നും സാധിച്ചിരുന്നു. ആ പി.സി.ജോര്‍ജ് ആകട്ടെ ഇത്തവണ ബിജെപിയിലും. അതുകൊണ്ടു തന്നെ പി.സി.ജോര്‍ജിലൂടെ ബിജെപി നേടുന്ന വോട്ട് വിഹിതവും ഇവിടെ തള്ളിക്കളയാനാകില്ല. ഇതോടെ പൂഞ്ഞാറില്‍ പോരാട്ടം കഠിനമായിരിക്കും.
കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.
മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.