മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി തറക്കല്ലിട്ട കോൺഗ്രസിന്‍റെ ടൗൺഷിപ്പിൽ പണികൾ ആരംഭിച്ചില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ കുടിൽ കെട്ടി സമരം ആരംഭിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
'വയനാട് വീട് വയ്ക്കാനായി ഞങ്ങൾ വാങ്ങിയ സ്ഥലമാണത്. അവിടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. അവിടെ വന്ന് സമരം നടത്തിയാൽ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കും. ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച വീടുകളിൽ ഇതുവരെ ആൾതാമസം തുടങ്ങിയില്ലല്ലോ?. തിരഞ്ഞെടുപ്പിന് മുമ്പ് പണി തീരാതെ ഉദ്ഘാടനം നടത്തിയതല്ലേ ആ വീടുകൾ?. സർക്കാർ ഒരു കൊല്ലമെടുത്തല്ലേ സ്ഥലം വാങ്ങിച്ചത്. പ്രത്യേക സ്ഥലം തരില്ലെന്നാണ് കോൺഗ്രസിനോട് സർക്കാർ പറഞ്ഞത്. അതുകൊണ്ടാണ് ഇപ്പോൾ സ്ഥലം വാങ്ങി അവിടെ വീട് വെക്കാൻ പോകുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും 10 കൊല്ലം കൊണ്ട് എൽഡിഎഫ് പണിതിട്ടില്ല.വിവിധ വകുപ്പുകളിലായാണ് യുഡിഎഫ് സർക്കാർ ഭവന പദ്ധതി നടപ്പാക്കിയത്. ഇക്കാര്യം എൽഡിഎഫ് മന്ത്രിമാർ നിയമസഭയിൽ നൽകിയ ഉത്തരത്തിൽ കൃത്യമായി പറയുന്നുണ്ട്. വികസന കാര്യത്തിൽ മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയാറാണ്'. - സതീശൻ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് ദുരിതബാധിതരെ പറ്റിക്കുകയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് ആരോപിച്ചത്. കുന്നംമ്പറ്റയിലെ കോൺഗ്രസ് ഭൂമിക്ക് സമീപമാണ് ഡിവൈഎഫ്ഐ കുടിൽ കെട്ടി സമരം ആരംഭിച്ചത്.
ഭവന നിർമ്മാണത്തിനായി പിരിച്ച പണം എവിടെ എന്നുപോലും കോൺഗ്രസ് വ്യക്തമാക്കുന്നില്ലെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.