അതെ ഇന്റര്‍നാഷനല്‍ മാച്ചാണ്. എന്നിട്ട് കളിച്ചോ? ഇല്ല. ഗോട്ടിയും കളിച്ചില്ല. പക്ഷെ ഫുട്ബോളിന്റെയും കാല്‍പന്തിലെ മിശിഹായുടെയും പേരില്‍ പല വലിയ കളികള്‍ നടന്നു. മഞ്ഞയല്ല, റെഡ് തന്നെ വിളിക്കേണ്ടിവരുന്ന ഫൗള്പ്ലേകള്. എങ്ങനെ ഇപ്പറയുന്ന സ്പോണ്സര് ചിത്രത്തിലേക്കുവന്നു, സര്‍ക്കാര്‍ അനുമതിയാകുംമുമ്പ് എങ്ങനെയവര്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാറൊപ്പിട്ടു? നാടിന്റെ താല്പര്യം സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞചെയ്തൊരു മന്ത്രി എങ്ങനെ, എന്തിന് ഒരുസ്വകാര്യ കമ്പനിക്കുവേണ്ടി ഇടപെട്ടു, സ്പോണ്‍സറായി വരുന്നവരുടെ സാമ്പത്തികമടക്കം പശ്ചാത്തലം ആര് പരിശോധിച്ചു എന്നതടക്കം ചോദ്യങ്ങളുടെ ഒരു വലിയ പരമ്പരയാണ് മുന്നില്‍. ഇന്നിതാ ഏറ്റവുമൊടുവില്‍ വരുന്ന വിവരം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റുവച്ചുകള് വച്ച വകയില്‍ ആ കമ്പനിക്ക് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്‍കാതെ പറ്റിച്ചത് മൂന്നരക്കോടിയിലേറെ രൂപ. അല്ല, സ്റ്റേഡിയത്തിലുമുണ്ടല്ലോ സ്പോണ്സര് ഉത്തരം നല്‍കേണ്ട ചോദ്യങ്ങള്‍. അപ്പോ ആരാണ് ആദ്യംവരുക അന്വേഷിക്കാനെന്നതേ അറിയേണ്ടു. സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയോ കേന്ദ്ര ഏജന്‍സി ഇഡിയോ? ഇഡിയാണെങ്കില്‍ രാഷ്ട്രീയവേട്ടയെന്ന് ഒരു ആക്ഷേപത്തിന് വകുപ്പുണ്ട്. അതെന്തുമാവട്ടെ, പണ്ട് മൂന്നാര്‍ ദൗത്യകാലത്ത് വിഎസ് നടത്തിയൊരു പ്രസ്താവനയുണ്ടല്ലോ. പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നല്ല, എലിയെ പിടിച്ചാല്‍ മതിയല്ലോ. അതുപോലെ അന്വേഷിക്കുന്നതാരായാലും എലിയെ പിടിക്കുമോ? കള്ളക്കളിക്കാരെ പിടിക്കുമോ?