മലയോര മണ്ഡലങ്ങളിലൊന്നായ വാമനപുരം ആര് നേടും. എൽഡിഎഫ് മേൽകൈ തകർത്ത് മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷ. സിറ്റിങ് എംഎൽഎ ഡി.കെ.മുരളി ഹാട്രിക് വിജയത്തിനായി ജനവിധി തേടുമ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് സുധീർഷാ പാലോട് യുഡിഎഫിനായും വേണു കാരണവർ എൻഡിഎ സ്ഥാനാർഥിയായും മൽസര രംഗത്തുണ്ട്.

വികസനം പറഞ്ഞാണ് ഇടതുപക്ഷം വോട്ട് തേടുന്നത്. കഴി‍ഞ്ഞ പത്ത് വര്‍ഷക്കാലം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കി. അതിന്‍റെ ഗുണം എന്തായാലും തനിക്ക് ലഭിക്കും എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി.കെ.മുരളി അവകാശപ്പെടുന്നു. 

വാമനപുരത്തിന്‍റെ മനസ് ഐക്യജനാധിപത്യ മുന്നണിക്ക് ഒപ്പമെന്ന് ഉറപ്പിച്ചാണ് സുധീർഷാ പാലോടിന്‍റെ പ്രചരണം. ആനയും, കാട്ടുപോത്തും, പന്നിയും തകർത്തെറിഞ്ഞ കർഷകരുടെ ദുരവസ്ഥ വനം വകുപ്പിന് പരിഹരിക്കാനായില്ലെന്ന പരാതി വോട്ടായി മാറുമെന്ന് അദേഹം പറയുന്നു.  മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതെല്ലാം പ്രശ്നങ്ങളായി തന്നെ നിലനില്‍ക്കുകയാണ്. ഈ വഞ്ചനയ്ക്കെതിരെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല എന്നും സുധീര്‍ഷാ പാലോട് പറയുന്നു.

നരേന്ദ്ര മോദി നടപ്പാക്കിയ വികസനത്തെക്കുറിച്ച് പറഞ്ഞാൽ മാത്രം ജയിക്കാനുള്ള വോട്ട് വിഹിതമാകുമെന്നാണ് എൻ.ഡി.എ സ്ഥാനാർഥി  വേണു കാരണവറുടെ ആത്മവിശ്വാസം. നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാട് പറയുമ്പോള്‍ തന്നെ വോട്ടര്‍മാര്‍ എന്‍ഡിഎയ്ക്ക് അനുകൂലമായി ചിന്തിക്കും. ഇത്തവണ വാമനപുരത്തെ വോട്ടര്‍മാര്‍ മാറിച്ചിന്തിക്കും എന്നാണ്  എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.

ഇടത് മുന്നണിക്ക് മേൽക്കെയുള്ള മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. കർഷകർ ഉൾപ്പെടുന്ന സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പ്രചരണ വിഷയമാവുമ്പോൾ വാമനപുരം വിജയ വഴിയൊരുക്കുക ആർക്കായിരിക്കും.

ENGLISH SUMMARY:

Vamanapuram Election race is heating up with LDF, UDF, and NDA candidates vying for victory. The election hinges on issues like development and farmer grievances in this hilly constituency.