cm-chennithala

പിണറായി വിജയനെപ്പോലെ കേരളത്തില്‍ ഇത്ര മാത്രം മണ്ടത്തരങ്ങള്‍ ചെയ്ത മറ്റൊരു നേതാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടിഷ്യു പേപ്പര്‍ നീട്ടിയാല്‍പ്പോലും ഒപ്പിടുന്ന ആളാണ് പിണറായി വിജയനെന്ന് അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ ഒരിക്കല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പ്രായോഗിക ബുദ്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെയും ചെന്നിത്തല പരിഹസിച്ചു.‘ഹോ... പ്രായോഗിക ബുദ്ധിയുള്ളൊരാള്‍’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

മുഖ്യമന്ത്രി പരിഹസിച്ചതുകൊണ്ട് സഹകരണ മേഖലയിലെ അഴിമതിയെക്കുറിച്ച് താൻ ഉന്നയിച്ച ആരോപണങ്ങളൊന്നും ഇല്ലാതാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. പറഞ്ഞതിനെല്ലാം വസ്തുനിഷ്ഠമായ തെളിവുകളുണ്ട്. ദിനേശ് ബീഡി സഹകരണ സംഘത്തിന് സോഫ്റ്റ്‌വെയർ കരാർ നൽകാൻ വലിയ കള്ളക്കളി നടന്നു. 700 കോടി രൂപയുടെ തട്ടിപ്പാണ് ഇതിന് പിറകിൽ ആസൂത്രണം ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

ദിനേശ് ബീഡി സഹകരണ സംഘത്തിന് സോഫ്റ്റ്‌വെയർ മേഖലയുമായി എന്ത് ബന്ധമാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. മോദിയെ കാണുമ്പോൾ കുമ്പിട്ട് നിൽക്കുന്നതും കാണുമ്പോഴെല്ലാം  ആറന്മുള കണ്ണാടിയും ആമാടപ്പെട്ടിയും കൊടുക്കുന്ന പരിപാടിയും അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

വയനാട് പുനരധിവാസ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും രാഹുൽഗാന്ധി തറക്കല്ലിട്ട പദ്ധതി പൂർത്തിയാക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസിനുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ഇപ്പോൾ ലക്ഷ്യം വിജയം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് എംഎ ബേബി പ്രതികരിച്ചു. കനഗോലു ക്യാപ്സ്യൂളുകളാണ് ചെന്നിത്തല തട്ടിവിടുന്നതെന്നും ബേബി പറഞ്ഞു. ആദ്യം എസ്.ഡി.പി.ഐ–ബി.ജെ.പി ഡീല്‍ എന്നായിരുന്നു ആരോപണം. ഇപ്പോള്‍ അത് മാറിയെന്നും ബേബി പറഞ്ഞു.

Ramesh Chennithala Slams Pinarayi Vijayan's Governance:

Ramesh Chennithala criticizes Chief Minister Pinarayi Vijayan, calling him the most foolish leader in Kerala's history. Chennithala alleges a massive scam in the cooperative sector and questions the CM's alliance with SDPI during elections.