കേരളം ഉറ്റുനോക്കുന്ന പോരാട്ടം. സിപിഎം വീര്‍പ്പുമുട്ടലോടെ കാതോര്‍ക്കുന്ന ഫലം. കോണ്‍ഗ്രസ് നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മണ്ഡലം. ഇതെല്ലാമാണ് ഇക്കുറി പേരാവൂര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ച കെ.കെ.ശൈലജയെ പേരാവൂരില്‍ സിറ്റിങ് എംഎല്‍എയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫിനെ നേരിടാനയയ്ക്കുമ്പോള്‍ സിപിഎം നേതൃത്വത്തിന്‍റെ മനസില്‍ ഒന്നിലേറെ ലക്ഷ്യങ്ങളുണ്ടായിരുന്നു. വിജയിച്ചാല്‍ ശൈലജയുടെ പൊളിറ്റിക്കല്‍ കരിയറിലെ നിര്‍ണായക ഏടായി അത് മാറുമെന്നും ഉറപ്പാണ്. അതുകൊണ്ടുതന്നെ മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ പേരാവൂര്‍ മണ്ഡലത്തില്‍ അധിക സാംപിളുകളുടെ ബലത്തില്‍ വിശദമായ വിലയിരുത്തലാണ് നടത്തിയത്.

പേരാവൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ് സര്‍വേ ഫലം. അതില്‍ സണ്ണി ജോസഫിന് നേരിയ മേല്‍ക്കൈ പ്രവചിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫ് സിപിഎമ്മിലെ കെ.വി.സക്കീര്‍ ഹുസൈനെ 3172 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കെ.കെ.ശൈലജ 2021ല്‍ മട്ടന്നൂര്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 60,963 വോട്ടിന്‍റെ മഹാഭൂരിപക്ഷത്തിനായിരുന്നു. ബിഡിജെഎസിലെ പൈലി വാത്യാട് ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. 2021ല്‍ ബിജെപിയാണ് പേരാവൂരില്‍ മല്‍സരിച്ചത്. 8956 വോട്ടായിരുന്നു അവരുടെ സമ്പാദ്യം.

കണ്ണൂര്‍ ജില്ല

കണ്ണൂര്‍ ജില്ലയില്‍ ചുവപ്പ് മായില്ലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ. ജില്ലയിലെ 11 സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ഇടത് ആധിപത്യം തുടരും. 6 മുതല്‍ 8 സീറ്റ് വരെയാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. യുഡിഎഫിന് 3 മുതല്‍ 5 സീറ്റ് വരെ കിട്ടിയേക്കാമെന്നും സര്‍വേ വ്യക്തമാക്കുന്നു. എന്‍ഡിഎയ്ക്ക് ഇത്തവണയും കണ്ണൂരില്‍ സീറ്റ് പ്രതീക്ഷ വേണ്ട. വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. 43 ശതമാനം. യുഡിഎഫിന് 37 ശതമാനം വോട്ടാണ് ജില്ലയില്‍ പ്രവചിക്കുന്നത്. എന്‍ഡിഎയുടെ വോട്ട് വിഹിതം 13 ശതമാനം വരെ എത്തിയേക്കാമെന്ന് സര്‍വേ അനുമാനിക്കുന്നു. സ്വതന്ത്രരും മറ്റുള്ളവരും 7 ശതമാനം വോട്ട് വരെ നേടിയേക്കാം.

Read Also : കണ്ണൂരില്‍ ചുവപ്പ് മായുന്നോ? ആധിപത്യം ആര്‍ക്ക്? മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ ഫലം


ഹോട്ട് സീറ്റ് – കണ്ണൂര്‍

കെ.സുധാകരന്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചതിന്‍റെ പേരില്‍ വിവാദമുനയില്‍ നിന്ന കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമോ? കനത്ത മല്‍സരമാണ് കണ്ണൂരില്‍ എന്നാണ് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേ വ്യക്തമാക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിലെ ടി.ഒ.മോഹനന് നേരിയ മുന്‍തൂക്കമുണ്ട്. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് എതിരാളി. ബിജെപിക്കുവേണ്ടി സി.രഘുനാഥും കളത്തിലുണ്ട്. കെ.സുധാകരന്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ കെട്ടടങ്ങിയതും സുധാകരന്‍ നേരിട്ട് പ്രചാരണത്തിന് എത്തിയതും യുഡിഎഫ് ക്യാംപിന് ആത്മവിശ്വാസമേകുന്നു. 

ഹോട്ട് സീറ്റ് – തളിപ്പറമ്പ്

സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതുവഴി പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവച്ച തളിപ്പറമ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22,689 വോട്ടിനാണ് എം.വി.ഗോവിന്ദന്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ അഡ്വ. വി.പി.അബ്ദുല്‍ റഷീദായിരുന്നു എതിരാളി. എന്നാല്‍ ഇക്കുറി എം.വി.ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ നേരിടുന്നത് സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദനാണ്. യുഡിഎഫ് പിന്തുണയ്ക്കുന്ന ഗോവിന്ദന് സിപിഎമ്മില്‍ ഒരു വിഭാഗത്തിന്‍റെയും പിന്തുണയുണ്ട്.

കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.

മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The Manorama News-C Voter pre-poll survey predicts a neck-and-neck battle in the Peravoor constituency, with UDF's Sunny Joseph holding a slight edge over high-profile LDF candidate K.K. Shailaja. While the LDF is expected to retain its overall dominance in Kannur district by winning 6 to 8 seats, the UDF is showing significant strength in key contests including Kannur and Peravoor. In Kannur, T.O. Mohanan of the Congress is projected to have a narrow lead against Minister Ramachandran Kadannappally. Despite internal party friction regarding the candidacy of P.K. Shyamala in Taliparamba, the survey suggests the LDF maintains its stronghold in that seat.