രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കണ്ട് കെ.സുധാകരന്‍ എംപി. കുടുംബത്തോടൊപ്പമെത്തിയാണ് നേതാക്കളെ കണ്ടത്. യഥാര്‍ഥ കോണ്‍ഗ്രസ് പോരാളിയാണ് സുധാകരനെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് അദ്ദേഹം. യുഡിഎഫ് ഒറ്റക്കെട്ടാണ്. നൂറിലേറെ സീറ്റ് നേടി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Also read: സണ്ണി ജോസഫിനോട് പ്രേമം; പ്രചാരണത്തിനിറങ്ങും; തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍
സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരന്‍ ഇടഞ്ഞു നിന്നിരുന്നു. എന്നാല്‍ എല്ലാവിധ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കെ.സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം സണ്ണി ജോസഫിനെ സുധാകരന്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. താനും സണ്ണിയും പ്രേമമാണെന്നും പേരാവൂരില്‍ പ്രചാരണത്തിനിറങ്ങുമെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ മണ്ഡലത്തിലെ പ്രചാരണ വേദിയില്‍ അല്‍പനേരം പ്രസംഗിച്ചതൊഴിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് കെപിസിസി പ്രസിഡണ്ടിന്‍റെ പേരാവൂരില്‍ പ്രചാരണത്തിന് പോകാതിരുന്ന കെ സുധാകരന്‍ കളത്തിലിറങ്ങുമെന്ന് വാക്കു നല്‍കി. കണ്ണൂര്‍ നടാലിലെ വീട്ടില്‍ അരമണിക്കൂറിലധികം സംസാരിച്ച ശേഷമാണ് ചിരിച്ച മുഖത്തോടെ ഇരുവരും പുറത്തിറങ്ങിയത്. താന്‍ പൂര്‍ണ സന്തോഷവാനാണെന്നും രണ്ടു പേരും തിരക്കിലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
പേരാവൂരില്‍ സുധാകരന്‍ അനുകൂലികള്‍ സണ്ണി ജോസഫിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു സണ്ണി–സുധാകരന്‍ കൂടിക്കാഴ്ച. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ സുധാകരന്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ് സണ്ണിയ്ക്കും യുഡിഎഫിനും.