ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.കെ.ശശി വര്‍ഗവഞ്ചകനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം ഒരുകാലത്തും വഞ്ചകന്മാർക്ക് അവസരം കൊടുത്തിട്ടില്ല. അവര്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളു. അവരെ ചരിത്രം ഒറ്റപ്പെടുത്തിയിട്ടേയുള്ളു. യുഡിഎഫ് ഗതികേടിലാണ്. എത്ര മാത്രം ഗതികേടിലാണ് എന്ന് ഒറ്റപ്പാലത്തെ സ്ഥാനാർഥി നിർണയം കണ്ടാൽ മനസ്സിലാകുമെന്നും ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ തിരഞ്ഞെടുപ്പ് കൺവെൻഷനില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
Also Read: എസ്ഡിപിഐയുമായി നീക്കുപോക്കില്ലെന്ന് ബേബി; ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
അതേസമയം, തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മങ്കടയില്‍ എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൊടിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. സംസ്ഥാനത്ത് എസ്.ഡി.പി.ഐ–സി.പി.എം കൂട്ടുകെട്ടെന്ന് ആരോപണം രമേശ് ചെന്നിത്തല കടുപ്പിച്ചപ്പോള്‍ നീക്കുപോക്കില്ലെന്ന് എം.എ ബേബി പ്രതികരിച്ചു.
ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ച് സി.പി.എം ലീഗിനെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉന്നയിച്ച് ചെന്നിത്തല ചര്‍ച്ച വഴിതിരിച്ചുവിട്ടത്. മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം സി.പി.എമ്മിനെ സഹായിക്കാനാണെന്ന ആരോപണം കോണ്‍ഗ്രസ് സജീവമാക്കി. മങ്കടയില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് പറയുമോയെന്ന ചോദ്യം പാലക്കാട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്നു.
മങ്കടയിലെ സി.പി.എം–എസ്.ഡി.പി.ഐ കൂട്ടുകെട്ടിന് പിന്നില്‍ ഒരുവര്‍ഷത്തെ ആസൂത്രണമുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി ആരോപിച്ചു. രമേശ് ചെന്നിത്തലയുടെ ആരോപണം പ്രതിപക്ഷനേതാവും ശരിവച്ചു. ആരോപണങ്ങള്‍ എം.എ ബേബി തള്ളിയപ്പോള്‍ എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.
40 ഇടത്ത് മാത്രമാണ് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. മഞ്ചേശ്വരത്ത് യു.ഡി.എഫിന്‍റെ സമ്മര്‍ദത്തില്‍ സ്ഥനാര്‍ഥിയെ പിന്‍വലിച്ചു. മറ്റിടങ്ങളില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാനാണ് നീക്കം.