ചിറയിൻകീഴ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്‍റെ ഇന്ദിരാ ഗ്യാരണ്ടി സൗജന്യ ബസ് യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ക്വാഡിന്‍റെ റെഡ് സിഗ്നൽ. ചിറയിൻകീഴ് മുതൽ കോരാണി വരെ മാതൃകാ യാത്ര എന്ന നിലയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയെന്നായിരുന്നു പ്രഖ്യാപനം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന പദ്ധതി വോട്ടർമാരിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് കാട്ടി ചിറയിൻകീഴിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ ബസ് തടയുകയായിരുന്നു. ബസിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ടിക്കറ്റില്ലാതെയുള്ള യാത്ര അനുവദിക്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. യാത്രക്കാർ നേരിട്ട് ടിക്കറ്റ് എടുത്തില്ലെങ്കിലും ടിക്കറ്റ് തുക മുൻകൂറായി നൽകിയിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.
അതേസമയം, പദ്ധതിയെക്കുറിച്ച് വോട്ടർമാരെ അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. എൽ.ഡി.എഫ് നിർദേശപ്രകാരം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയതായിരിക്കാം എന്നും രമ്യ ആരോപിച്ചു. രമ്യയും മഹിളാ കോൺഗ്രസ് പ്രവർത്തകരും ബസിൽ നിന്നും ഇറങ്ങിയ ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനയും തുടർ നടപടിയും. നടപ്പാക്കാൻ കഴിയാത്ത പദ്ധതി ചട്ടം ലംഘിച്ച് പ്രചരിപ്പിച്ച് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു യുഡിഎഫ് ശ്രമം എന്നായിരുന്നു എൽഡിഎഫിന്‍റെയും എൻഡിഎയുടെയും പരാതി.