പേര് ശക്തന്‍; അശക്തനെന്ന് എതിരാളികളുടെ പരിഹാസം. അതൊന്നും വകവയ്ക്കാതെ ശക്തമായി മുന്നോട്ട് പോവുകയാണ് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍ ശക്തന്‍. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ആരോഗ്യമില്ലെന്ന പ്രചാരണം. പ്രമേഹം മാത്രമാണ് തനിക്കുള്ള ഒരേയൊരു ആരോഗ്യ പ്രശ്നമെന്നും ശക്തന്‍ മനോരമന്യൂസിനോട് പറഞ്ഞു.
പേരില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും താനിപ്പോഴും ശക്തനാണെന്ന ആത്മവിശ്വാസത്തോടെയാണ് മുന്‍ സ്പീക്കറും മന്ത്രിയുമായ എന്‍ ശക്തന്‍ നെയ്യാറ്റിന്‍കര തിരിച്ച് പിടിക്കാനുള്ള യു.ഡി.എഫ് പോരാട്ടത്തെ നയിക്കുന്നത്. കോവളം, നേമം, കാട്ടാക്കട മണ്ഡലങ്ങളില്‍ നിന്നായി നാല് തവവണ നിയമസഭയിലെത്തിയ ശക്തന്‍ ഒടുവില്‍ ജന്മനാട്ടില്‍ ആദ്യ അങ്കത്തിന് ഇറങ്ങുന്നു. അത് തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന അങ്കമാകുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. ആരോഗ്യവും പ്രായവും സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ഇങ്ങനെ.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും കൈവിട്ട മണ്ഡലം ശക്തനിലൂടെ തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മണ്ഡലത്തിലുടനീളം സഞ്ചരിച്ച് വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചാണ് ശക്തന്‍റെ മുന്നോട്ട് പോക്ക്. അതിലൂടെയും തന്‍റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങളെ ശക്തന്‍ തള്ളിക്കളയുന്നു.