വയനാട് കല്‍പ്പറ്റയിലെ കോട്ടത്തറയില്‍ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ കയ്യാങ്കളി. പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്റ്റേജിലുണ്ടായിരുന്ന നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളില്ലാതെ പ്രശ്നം പരിഹരിച്ചു.
കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് തര്‍ക്കം ഉടലെടുത്തത്. പ്രാദേശിക മുസ്ലിം ലീഗ് നേതാക്കളില്‍ ചിലരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നും ലീഗിന്റെ പ്രാതിനിധ്യം കുറവാണെന്നും ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്.
സംഘര്‍ഷത്തിന് പിന്നാലെ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പരാതികള്‍ പരിഹരിച്ചതായി യു.ഡി.എഫ് കേന്ദ്രങ്ങള്‍ അറിയിച്ചു. പുതിയ കമ്മിറ്റി രൂപീകരിച്ചതോടെ പ്രതിഷേധം അവസാനിച്ചു.