Image Creddit: facebook/UPrathibhaMLA (right)

കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു.പ്രതിഭയ്ക്കെതിരെ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കായംകുളത്തെ യുഡിഎഫ് കണ്‍വീനറായ എ.ഇര്‍ഷാദ്. കായംകുളത്ത് വച്ച് നടന്ന യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ഇര്‍ഷാദിന്‍റെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.ലിജു കറകളഞ്ഞ രാഷ്ട്രീയക്കാരനാണെന്നും വ്യക്തി ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മാന്യത സൂക്ഷിക്കുന്നയാളാണെന്നും പറഞ്ഞ ശേഷമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ തീര്‍ത്തും ഹീനമായ വാക്കുകള്‍ ഇര്‍ഷാദ് പ്രയോഗിച്ചത്. 

താന്‍ കഴിഞ്ഞ ദിവസം ഇടതുപക്ഷത്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം കേള്‍ക്കാനിടയായെന്നും അതില്‍ അവരുടെ സ്ഥാനാര്‍ഥിയെ വ്യക്തി ജീവിതത്തില്‍ സംശുദ്ധിയുള്ള ആളെന്നും മികച്ച വ്യക്തിത്വത്തിനുടമയെന്നും വിശേഷിപ്പിച്ചുകേട്ടുവെന്നും ഇര്‍ഷാദ് പറയുന്നു. എന്നാല്‍ നാട്ടുകാര്‍ക്ക് അതല്ല കാര്യമെന്ന് അറിയാമെന്നും എന്നിട്ടും വളരെ  ശ്രദ്ധിച്ച് മാത്രമാണ് അവരെ കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥിയുടെ സ്വകാര്യ ജീവിതവും കുടുംബജീവിതവും മകന്‍റെ പേരില്‍ വന്ന കേസുമെല്ലാം ഇര്‍ഷാദ് പ്രംസഗത്തിനിടെ പരാമര്‍ശിക്കുന്നു.  സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ ഇരിക്കെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപമാനകരവും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമായ പരാമര്‍ശം ഉണ്ടായത്.

ഇര്‍ഷാദിന്‍റെ വാക്കുകളിലെ പ്രസക്തഭാഗം ഇങ്ങനെ: 'ഒരു ജനപ്രതിനിധിയെന്നുള്ള നിലയില്‍ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലയെന്ന പരമമായ യാഥാര്‍ഥ്യം നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. കഴിഞ്ഞ ദിവസം ഇടതുപക്ഷത്തിന്‍റെ ഒരു തിരഞ്ഞെടുപ്പ് യോഗം കേള്‍ക്കാനിടയായി. വ്യക്തി ജീവിതത്തില്‍ സംശുദ്ധിയുള്ള സ്ത്രീയാണ് നമ്മുടെ സ്ഥാനാര്‍ഥിയെന്നാണ് സിപിഎമ്മിന്റെ പ്രചാരണം. എന്നുമാത്രമല്ല, അപാരവ്യക്തിത്വമുള്ളയാളാണ് എന്നൊക്കെ പറയുന്നത് കേട്ടു. നമ്മളെ സംബന്ധിച്ചടുത്തോളം, നമുക്ക് ആളുകളെ തേജോവധം ചെയ്യുന്ന സ്വഭാവം ഇല്ലാത്തത് കൊണ്ടുതന്നെ അവരെ കുറിച്ച് നമ്മള്‍ കൂടുതലായി ഒന്നും പറയാന്‍ അറിയില്ലെന്ന് പറയുകയാണ് ചെയ്യുന്നത്. 

അവര്‍ ആരാണെന്ന് എന്‍റെ മുന്‍പിലിരിക്കുന്ന ഓരോരുത്തര്‍ക്കും അറിയാം. അവരുടെ വ്യക്തിജീവിതം, അവരുടെ സ്വന്തം ജീവിതം, അവരുടെ സ്വകാര്യ ജീവിതം, അവരുടെ കുടുംബ ജീവിതം, അതിന്‍റെ പശ്ചാത്തലമൊക്കെ അത്രമാത്രം ഉള്ള ഒരാളിനെ കുറിച്ച് പോലും നമ്മളൊക്കെ വളരെ ശ്രദ്ധിച്ചുമാത്രമാണ് വേദിയില്‍ പ്രസംഗിക്കുന്നത്. പക്ഷേ അവരെ താരതമ്യം ചെയ്യുന്നത് എം.ലിജുവെന്ന് പറയുന്ന കറകളഞ്ഞ, സംശുദ്ധ രാഷ്ട്രീയത്തിന്‍റെ മകുടോദാഹരണമായ ചെറുപ്പക്കാരനുമായിട്ടാണ്. ഞാന്‍ ആ ഭാഗത്തേക്ക് കൂടുതല്‍ കടക്കുന്നില്ല. നമുക്കറിയാം, രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകന്‍ ബന്ധപ്പെട്ട ക‍ഞ്ചാവു കേസില്‍ അവര്‍ എടുത്തിട്ടുള്ള നിലപാട്. ആ നിലപാടിനെ ന്യായീകരിക്കാന്‍, അതിന് വേണ്ടി വാദിക്കുന്ന ഒരമ്മയെയാണ് നമ്മള്‍ അതില്‍ കാണുന്നത്'.

ENGLISH SUMMARY:

Kayamkulam UDF Convener A. Irshad has drawn flak for making highly derogatory and misogynistic comments against LDF candidate U. Pratibha. During a convention, Irshad allegedly insulted the candidate's personal life and physical appearance, claiming she was re-nominated based on 'selling her beauty.' The remarks have sparked outrage among women activists and political leaders in Kerala ahead of the 2026 Assembly Election.