യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കടപ്പുറത്തെ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രധാന യുഡിഎഫ്, ലീഗ് നേതാക്കളും സ്ഥാനാർത്ഥികളും  രാഹുൽ ഗാന്ധിക്കൊപ്പം വേദിയിൽ അണിനിരക്കും. രാഹുൽ ഗാന്ധിയുടെ വരവിൽ  ചില സർപ്രൈസുകളും കെപിസിസി ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന നേതൃയോഗത്തിൽ  എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള ദേശീയ നേതാക്കളും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി കേരളത്തിൽ എത്തും

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കോട്ടയം ജില്ലയില്‍. രാവിലെ പത്തിന് കാഞ്ഞിരപ്പളളി സിപിഎം ഏരിയാ കമ്മിറ്റി ഒാഫിസില്‍ വാര്‍ത്തസമ്മേളനം നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പളളിയിലാണ് ആദ്യ പൊതുസമ്മേളനം. വൈകിട്ട്  ചങ്ങനാശ്ശേരിയിലും ഏറ്റുമാനൂരിലും പാലായിലും പൊതുസമ്മേളനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

നിയമസഭാ തിരഞ്ഞെടുപ്പിൽ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ 1637 പത്രികകൾ അംഗീകരിച്ചു. 337 പത്രികകൾ തള്ളി. പത്രിക സമർപ്പണം അവസാനിച്ച തിങ്കളാഴ്ച വരെ 2125 പത്രികകളാണ് ലഭിച്ചിരുന്നത്. ഇന്നും നാളെയും സ്ഥാനാർഥികൾക്ക് പത്രിക പിൻവലിക്കാം. നാളെ വൈകിട്ടോടെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്തിമ സ്ഥാനാർഥി ചിത്രം വ്യക്തമാവും. 

അതിനിടെ തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായതിന് പിന്നാലെ സിപിഎം പുറത്താക്കിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദന്റെ ഭാര്യയെയും സിപിഎം പുറത്താക്കി. ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗം കെ.പി. രമണിയെയാണ് സിപിഎം പുറത്താക്കിയത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തതിന് പിന്നാലെയാണ് സിപിഎം നടപടി. എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചു എന്നും ഇത് പാർട്ടി വിരുദ്ധ പ്രവർത്തിയാണെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന നടപടി. മലപ്പട്ടം പഞ്ചായത്തിലെയും, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിലെയും മുൻ പ്രസിഡന്റാണ് കെ.പി.രമണി.

ENGLISH SUMMARY:

Rahul Gandhi arrives in Kozhikode today for a massive UDF election rally at the beach, with KPCC hinting at major surprises. Simultaneously, CM Pinarayi Vijayan intensifies the LDF campaign in Kottayam with public meetings in Kanjirappally and Pala. Following the scrutiny of 2,125 nominations, the EC cleared 1,637 candidates for the 2026 polls. Stay tuned for the final candidate list after the withdrawal deadline.