ഭരണാധികാരി എന്ന നിലയിൽ നേമം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഒരു പരാജയമായിരുന്നു എന്നതിന് അദ്ദേഹം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രിയായിരുന്ന കാലത്തെ പ്രകടനം തന്നെ ധാരാളമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെന്ന പദവിയിലിരുന്ന് കേരളത്തിന് വേണ്ടിയോ, വിശേഷിച്ച് നമ്മുടെ നേമത്തിന് വേണ്ടിയോ നടപ്പിലാക്കിയ ഏതെങ്കിലും ഒരു ശ്രദ്ധേയമായ വികസന പദ്ധതി ചൂണ്ടിക്കാണിക്കാൻ അദ്ദേഹത്തെ താൻ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. അതിലൊന്ന് കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ കേരളത്തിന് പ്രയോജനകരമായ എന്ത് പദ്ധതിയാണ് താങ്കൾ കൊണ്ടുവന്നത് എന്നതാണ്. രണ്ടാമത്തേത് നേമം മണ്ഡലത്തിലെ നൈപുണ്യ വികസനത്തിനോ തൊഴിൽ സാധ്യതകൾക്കോ വേണ്ടി താങ്കൾ നൽകിയ സംഭാവനകൾ എന്തൊക്കെയാണ് എന്നതാണ്. 

നൈപുണ്യ വികസന മേഖലയിൽ ഇടതുപക്ഷ സർക്കാർ കേരളത്തിൽ നടപ്പിലാക്കിയ വിപ്ലവകരമായ മുന്നേറ്റങ്ങൾ ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്. KASE വഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതികളും, ODEPC വഴി യുവാക്കൾക്ക് നൽകുന്ന നൈപുണ്യ പരിശീലനങ്ങളും റിക്രൂട്മെന്റും ഇതിനകം തന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്. കേരളം കൈവരിച്ച ഈ നേട്ടങ്ങളിൽ ചിലത് ഇതിനോടകം തന്നെ ഞാൻ വിശദീകരിച്ചിട്ടുള്ളതാണ്.

ബിജെപി സ്ഥാനാർത്ഥി തന്റെ 'വികസന അവകാശവാദങ്ങൾ' തെളിയിച്ചതിന് ശേഷം ബാക്കി വസ്തുതകൾ ഓരോന്നായി ജനങ്ങൾക്ക് മുന്നിൽ ഞാൻ തുറന്നുകാട്ടാം. വികസനം എന്നത് ഗ്രാഫിക്സ് കാർഡുകളിലല്ല, ജനങ്ങളുടെ ജീവിതത്തിലാണ് ഉണ്ടാവേണ്ടത്'.– ശിവന്‍കുട്ടി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Malayala Manorama Online News highlights Minister V Sivankutty's strong criticism of the Nemom BJP candidate, Rajeev Chandrasekhar, regarding his performance as a Union Minister and his contributions to the Nemom constituency. Sivankutty challenged Chandrasekhar to point out any significant development project implemented for Kerala or Nemom during his tenure as a central minister.