എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന നേമത്തിന്‍റെ സ്വന്തം നേതാവ് എന്നതിനൊപ്പം വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലെ നേട്ടങ്ങളുമാണ് ഇത്തവണ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻ കുട്ടിയുടെ പ്രചാരണ ആയുധം. അതുകൊണ്ട് തന്നെ പ്രചാരണ വേദികളിൽ കുട്ടികളുടെ സാന്നിധ്യവുമുണ്ട്. നേമത്തെ പോരാട്ടം എൽഡിഎഫും ബിജെപിയും തമ്മിലാണന്നും ശിവൻ കുട്ടി പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയായപ്പോൾ ശിവൻ കുട്ടിക്ക് വീണുകിട്ടിയ വിളിപ്പേരായിരുന്നു മന്ത്രി അപ്പൂപ്പൻ. വകുപ്പ് ഭരണത്തിനപ്പുറം സോഷ്യൽ മീഡിയ വഴിയൊക്കെ കുട്ടികളുടെ കാര്യങ്ങളിൽ ഇടപെട്ടതിൻ്റെ സമ്മാനം. വോട്ട് തേടാൻ ഇറങ്ങുമ്പോളും കുട്ടികളുടെ കൈപിടിച്ചാണ് ശിവൻകുട്ടിയുടെ യാത്ര. കടകളും വീടുകളും കയറിയുള്ള വോട്ട് തേടൽ ഇല്ല. പകരം ചെറിയ കുടുംബ യോഗങ്ങൾ. അവിടെ സംസാരിക്കുന്നതിലേറെയും കുട്ടികളുടെ കാര്യങ്ങൾ തന്നെ. മണ്ഡലത്തിലെ 23 സർക്കാർ സ്കൂളിൽ 17 വും മികച്ചതാക്കി എന്ന അവകാശവാദത്തോടെ ബി ജെ പി ഉയർത്തുന്ന വികസന വാദത്തിന് മറുപടി.
നേമത്ത് ശിവൻകുട്ടിയുടെ തുടർച്ചയായ നാലാം പോരാട്ടമാണിത്. പക്ഷെ 2021 ന് ശേഷം ബി ജെ പി വോട്ട് കുതിച്ചിട്ടുണ്ട്. തദ്ദേശത്തിൽ മണ്ഡലത്തിലെ 24 ൽ 17 വാർഡും ബി ജെ പി പിടിച്ചു. അത് മറികടക്കുകയാണ് വിജയ തുടർച്ചയുടെ വെല്ലുവിളി. നേമത്തിൻ്റെ സ്വന്തം നേതാവ് എന്ന പതിവ് മേൽവിലാസത്തിനൊപ്പം കുട്ടികൾ വഴി വീടുകളിലേക്ക് കടക്കാനായാൽ നേമം ഇത്തവണയും ഇടത് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കാമെന്നണ് പ്രതീക്ഷ.