താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടാത്തത് എത്ര നല്ല തീരുമാനമാണെന്ന പിണറായി വിജയന്‍റെ അഭിപ്രായത്തെ നൂറ് ശതമാനം നെഞ്ചിലേറ്റുകയാണെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. എപ്പോഴും പരസ്പരം രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്ന നേതാക്കളാണ് പിണറായിയും സുധാകരനും. ആ പശ്ചാത്തലത്തില്‍ അതിന് വിപരീതമായി പിണറായിയെ സുധാകരന്‍ പുകഴ്ത്തിയതാണ് കൗതുകമായത്.
'പിണറായി വിജയന്‍ പറഞ്ഞത് കൊണ്ട് അത് ശരിയല്ലെന്ന് പറയാന്‍ ആവില്ലല്ലോ?. പിണറായിയുടെ ആ വാക്കുകള്‍ സീരിയസായി എനിക്ക് എഫക്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കൈയ്യില്‍ നിന്ന് കിട്ടിയത് വലിയ പ്രോത്സാഹനമാണെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. അദ്ദേഹത്തെ ഇനി കണ്ടാല്‍ ഞാനിക്കാര്യം പറയും. പക്ഷേ അദ്ദേഹം എന്നോട് സംസാരിക്കാറില്ല കണ്ടാല്‍. ഇനി കണ്ടാല്‍ സംസാരിക്കണമെന്നാണ് ആഗ്രഹം'. – സുധാകരന്‍ മനസ് തുറന്നു.
പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്ന മുന്‍ മന്ത്രി ജി. സുധാകരനെ കടന്നാക്രമിച്ചും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. ജി. സുധാകരന്‍ കാണിച്ചത് ചെറ്റത്തരമാണെന്ന് പിണറായി മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുധാകരനെക്കുറിച്ച് പറയാന്‍ മറ്റൊരു വാക്കില്ലെന്നും പിണറായി ആവര്‍ത്തിച്ചു. പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. ആര്‍ക്കും പ്രത്യേകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എടുത്ത നിലപാടിനെ മുഖ്യമന്ത്രി ശ്ലാഘിച്ചു. വിയോജിപ്പ് പ്രകടിപ്പിച്ച ശേഷവും കെ.സുധാകരന്‍ സ്വന്തം പാര്‍ട്ടിക്ക് വിധേയനായി. അത് നല്ല നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.