എല്‍ഡിഎഫ് വിട്ട് കാരാട്ട് റസാഖ് തിരിച്ച് മുസ്ലിം ലീഗിലെത്തി. കൊടുവള്ളിയില്‍ 2016ല്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച റസാഖ് നിലവില്‍ മദ്രസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ്. രാവിലെ എട്ടുമണിയോടെ പാണക്കാട്ടെത്തി തങ്ങളെ കണ്ട ശേഷം കാരാട്ട് റസാഖ് മുസ്‌ലിം ലീഗ് അംഗത്വം വീണ്ടും എടുത്തു. റസാഖെത്തിയത് ഉപാധികളില്ലാതെയെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ട്രെന്‍ഡ്  യുഡിഎഫിന് അനുകൂലമെന്നതിന് തെളിവാണ് കാരാട്ട് റസാഖിന്റെ മടങ്ങിവരവെന്ന്  പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതേസമയം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന് കാരാട്ട്  റസാഖ് അറിയിച്ചു. എല്‍ഡിഎഫിന് തന്നെ ചേര്‍ത്ത് പിടിക്കാനായില്ലെന്നും അതാണ് വഞ്ചനയെന്നും റസാഖ് പ്രതികരിച്ചു.

 

കൊടുവള്ളിയിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി റസാഖ് എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.  എന്നാൽ, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം മത്സരരംഗത്തുനിന്നും പിന്മാറാനുള്ള തീരുമാനത്തിലായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സിപിഎം ജില്ലാ നേതൃത്വവുമായി കാരാട്ട് റസാഖ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം വീണ്ടും ലീഗിലേക്ക് തിരിച്ചെത്തിയത്.

 

2016-ൽ ലീഗിലെ എം.എ. റസാഖിനെ 573 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കാരാട്ട് റസാഖ് അട്ടിമറിച്ചു. 2021-ൽ സ്ഥിതി മാറി, എം.കെ. മുനീർ എതിരാളിയായി വന്നപ്പോൾ 6344 വോട്ടുകൾക്ക് പരാജയപ്പെട്ടു. പി.വി. അൻവറുമായുള്ള എൽ.ഡി.എഫ് ബന്ധം വഷളായ ഘട്ടത്തിൽ കാരാട്ട് റസാഖ് മുന്നണി വിടുമെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹം അവയെല്ലാം നിഷേധിച്ചിരുന്നു.

ENGLISH SUMMARY:

Former MLA Karat Razak has rejoined the Indian Union Muslim League, alleging betrayal by the LDF in a significant political shift in Kerala. Razak, who had won the 2016 Koduvally seat as an LDF-backed independent, formally took membership at Panakkad. He clarified that his return to the Muslim League was unconditional, as confirmed by IUML leadership. Citing lack of support from the LDF, Razak announced his decision to resign as Chairman of the Madrasa Welfare Fund Board. His move is being seen as a political gain for the UDF, with leaders highlighting it as a sign of changing political trends. The development could influence electoral dynamics in Koduvally and broader Kerala politics.