ministers-pathrika

മധ്യകേരളത്തിൽ മന്ത്രിമാരായ പി. രാജിവ്, കെ. രാജൻ, റോഷി അഗസ്റ്റ്യൻ, പി. പ്രസാദ് എന്നിവർ പത്രിക നൽകി. സിപിഎമ്മിൽ നിന്ന് കളംമാറി യുഡിഎഫിൽ എത്തിയ മുൻ മന്ത്രി ജി സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ വിട്ട് ബിജെപിയിൽ എത്തിയ സിസി മുകുന്ദൻ, പദ്മജ വേണുഗോപാൽ എന്നിവരും ഇന്ന് പത്രിക നൽകിയവരിൽ ഉൾപെടുന്നു.

മുദ്രാവാക്യങ്ങളിൽ നിറഞ്ഞ്, പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിവിധ മുന്നണി സ്ഥാനാർഥികൾ പത്രിക നൽകാൻ എത്തിയത്. കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് വരണാധികാരി ആയ ജില്ലാസപ്ലൈ ഓഫീസർക്ക് പത്രിക നൽകി. ജില്ലയിലെ എൽഡിഎഫ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണികൃഷ്ണൻ, തൃക്കാക്കരയിൽ മത്സരിക്കുന്ന പുഷ്പദാസ് എന്നിവരും പത്രിക നൽകി. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയി ജില്ലാവ്യവസായകേന്ദ്രത്തിൽ ആണ് പത്രിക സമർപ്പിച്ചത്.

അമ്പലപുഴയിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർഥി ജി. സുധാകരനും ഹരിപ്പാട് രമേഷ് ചെന്നിത്തലയും അണികൾക്കൊപ്പം പ്രകടനമായിപത്രിക നൽകാൻ എത്തി. ചേർത്തലയിൽ പി പ്രസാദും, അരൂരിൽ ദലീമ ജോജോയും പത്രിക സമർപ്പിച്ചു. കോട്ടയം ജില്ലയിൽ മോൻസ് ജോസഫ് കടുത്തുരുത്തിയിലും, മാണി സി കാപ്പൻ പാലയിലും പുതുപ്പള്ളിയിൽ ചണ്ടി ഉമ്മനും ഉച്ചയ്ക്ക് മുൻപ് പത്രിക നൽകി. പുതുപ്പള്ളിയിലെ എൽഡിഎഫ് ക്യാൻഡിഡേറ്റ് കെഎം രാധാകൃഷ്ണൻ കോട്ടയം ആർഡി ഒ മുൻപാകെയാണ് പത്രിക കൊടുത്തത്. ആറാം തവണ ജനവിധി തേടുന്ന റോഷി അഗസ്റ്റ്യൻ ഇടുക്കിയിൽ പത്രിക നൽകി.

തൃശൂരിൽ പത്രിക സമർപ്പണത്തിനിടെ തർക്കമുണ്ടായി. എൽഡിഎഫ് എൻഡിഎ പ്രവർത്തകരാണ് തർക്കത്തിൽ ഏർപ്പെട്ടത്. ജില്ലയിൽ മന്ത്രി കെ രാജൻ ഒല്ലൂരിലും, ആലങ്കോട് ലീലാകൃഷ്‌ണൻ തൃശൂരിലും പത്രിക നൽകി. UDFൽ നിന്ന് ഷാജി കോടങ്കണ്ടത്ത് ഒല്ലൂരിലും, രാജൻ പല്ലൻ തൃശൂരിലും പത്രിക സമർപ്പിച്ചു. സിപിഐ വിട്ട സി.സി. മുകുന്ദൻ നാട്ടികയിലും, പത്മജ വേണുഗോപാൽ തൃശൂരിലും NDA യിൽ നിന്ന് പത്രിക നൽകി.

ENGLISH SUMMARY:

Kerala election nominations are being filed by prominent political figures across various constituencies in Central Kerala. Key ministers and former leaders from different political fronts are submitting their papers, marking a significant phase in the election process.