തിരഞ്ഞെടുപ്പ് അടുക്കവേ ആവേശപ്പോരിലേക്ക് കേരളവും. സംസ്ഥാനത്തെ വിവിധ സ്ഥാനാര്‍ഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു. മുദ്രാവാക്യങ്ങളിൽ നിറഞ്ഞ്, പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിവിധ മുന്നണി സ്ഥാനാർഥികൾ പത്രിക നൽകാൻ എത്തിയത്. തിങ്കളാഴ്ചയാണ് പത്രികാസമർപ്പണത്തിനുള്ള അവസാന തീയതി.

തെക്കൻ ജില്ലകളിലെ വിവിധ മുന്നണികളുടെ സ്ഥാനാർഥികളാണ് ഒരുപടി മുന്നില്‍. എൽ.ഡി.എഫ് സ്ഥാനാർഥികളായ വി.ശിവൻകുട്ടി, സജി ചെറിയാൻ, വീണാ ജോർജ്, കെ.എന്‍.ബാലഗോപാല്‍, കെ.ബി.ഗണേഷ് കുമാര്‍, ജെ.ചിഞ്ചുറാണി, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി തോമസ്, ഡി.കെ. മുരളി, വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ, കെ.യു.ജനീഷ് കുമാർ, പ്രിജി കണ്ണൻ, പ്രമോദ് നാരായണൻ, എം.എസ്.അരുണ്‍കുമാര്‍, സി.അജയപ്രസാദ്, കോവൂര്‍ കുഞ്ഞുമോന്‍, തുടങ്ങിയവർ പത്രിക സമർപ്പിച്ചു.

യു.ഡി.എഫ് സ്ഥാനാർഥികളായ കെ.മുരളീധരൻ, രമ്യ ഹരിദാസ്, സി.പി ജോൺ, എം.വിൻസെൻ്റ്, സതീഷ് കൊച്ചുപറമ്പിൽ, മുത്താര രാജ്, വര്‍ഗീസ് മാമ്മന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷിബു ബേബി ജോണ്‍, പി.സി.വിഷ്ണുനാഥ്, എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചു. അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്കൊപ്പമാണ് നേമത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പത്രിക സമർപ്പിക്കാനെത്തിയത്. രാജീവ് ചന്ദ്രശേഖറെ കൂടാതെ എൻ.ഡി.എ സ്ഥാനാർഥികളായ വി. മുരളീധരൻ, ആർ.ശ്രീലേഖ, അനൂപ് ആന്‍റണി, ഡോ.എന്‍.പ്രതാപ് കുമാര്‍, ബി.ബി.ഗോപകുമാര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.

മധ്യകേരളത്തിൽ കളമശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി രാജീവ് വരണാധികാരി ആയ ജില്ലാസപ്ലൈ ഓഫീസർക്ക് പത്രിക നൽകി. തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ഉണ്ണികൃഷ്ണൻ, തൃക്കാക്കരയിൽ മത്സരിക്കുന്ന പുഷ്പദാസ് എന്നിവരും പത്രിക നൽകി. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയി ജില്ലാവ്യവസായകേന്ദ്രത്തിൽ ആണ് പത്രിക സമർപ്പിച്ചത്. അമ്പലപുഴയിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാർഥി ജി. സുധാകരനും ഹരിപ്പാട് രമേഷ് ചെന്നിത്തലയും അണികൾക്കൊപ്പം പ്രകടനമായി പത്രിക നൽകാൻ എത്തി.

ചേർത്തലയിൽ പി പ്രസാദും, അരൂരിൽ ദലീമ ജോജോയും പത്രിക സമർപ്പിച്ചു. കോട്ടയം ജില്ലയിൽ മോൻസ് ജോസഫ് കടുത്തുരുത്തിയിലും, മാണി സി കാപ്പൻ പാലയിലും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും ഉച്ചയ്ക്ക് മുൻപ് പത്രിക നൽകി. പുതുപ്പള്ളിയിലെ എൽഡിഎഫ് ക്യാൻഡിഡേറ്റ് കെഎം രാധാകൃഷ്ണൻ കോട്ടയം ആർഡി ഒ മുൻപാകെയാണ് പത്രിക കൊടുത്തത്. ആറാം തവണ ജനവിധി തേടുന്ന റോഷി അഗസ്റ്റ്യൻ ഇടുക്കിയിൽ പത്രിക നൽകി.

അതേസമയം തൃശൂരിൽ പത്രിക സമർപ്പണത്തിനിടെ തർക്കമുണ്ടായി. എൽഡിഎഫ്- എൻഡിഎ പ്രവർത്തകരാണ് തർക്കത്തിൽ ഏർപ്പെട്ടത്. ജില്ലയിൽ മന്ത്രി കെ രാജൻ ഒല്ലൂരിലും, ആലങ്കോട് ലീലാകൃഷ്‌ണൻ തൃശൂരിലും പത്രിക നൽകി. യുഡിഎഫില്‍ നിന്ന് ഷാജി കോടങ്കണ്ടത്ത് ഒല്ലൂരിലും, രാജൻ പല്ലൻ തൃശൂരിലും പത്രിക സമർപ്പിച്ചു. സിപിഐ വിട്ട സി.സി. മുകുന്ദൻ നാട്ടികയിലും, പത്മജ വേണുഗോപാൽ തൃശൂരിലും എന്‍ഡിഎയിൽ നിന്ന് പത്രിക നൽകി.

മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പാലക്കാട് രമേശ് പിഷാരടിയും കണ്ണൂരില്‍ കെ.കെ ശൈലജയുമടക്കമുള്ള സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജില്ലാ ലേബര്‍ ഓഫിസര്‍ മുന്‍പാകെയാണ് മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പിച്ചത്. എംപിമാരായ ഷാഫി പറമ്പിലിനും വി.കെ. ശ്രീകണ്ഠനുമൊപ്പമെത്തിയാണ് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയും പത്രിക നല്‍കിയത്. അഭിമാനത്തോടെയാണ് പേരാവൂരില്‍ മല്‍സരിക്കുന്നതെന്ന് പത്രികാസമര്‍പ്പണത്തിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ പ്രതികരിച്ചു.

മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ പത്രിക സമര്‍പ്പിച്ചു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വയോടൊപ്പമാണ് കോഴിക്കോട് നോര്‍ത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാഹരിദാസ് പത്രിക സമര്‍പ്പിക്കാനെത്തിയത്. പേരാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫും തളിപ്പറമ്പ്, കൊയിലാണ്ടി, തിരുവമ്പാടി തുടങ്ങിയ പത്ത് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളും വിവിധ വരണാധികാരികള്‍ക്ക് മുമ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 

ENGLISH SUMMARY:

Candidates from LDF, UDF, and NDA filed their nomination papers across Kerala for the 2026 Assembly elections. Key contestants include Chandy Oommen (Puthuppally), Rajeev Chandrasekhar (Nemom), KK Shailaja (Peravoor), and G Sudhakaran (Ambalappuzha). With the deadline set for Monday, March 23, political fervor has reached its peak. Polling is scheduled for April 9, with results on May 4.