നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനൊന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് കരമന ജയന്‍ മല്‍സരിക്കും. അരുവിക്കരയില്‍ സീരിയല്‍ നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടുവന്ന ആര്‍.എസ്.അരുണ്‍രാജിന് ചടയമംഗലത്തും  ബി.എസ്.അനൂപിന് ചിറയന്‍കീഴിലും സീറ്റ് നല്‍കി.

അടൂരില്‍ പന്തളം പ്രതാപന്‍, കോവളത്ത് ടി.എന്‍.സുരേഷ്, നെയ്യാറ്റിന്‍കരയില്‍ എസ്.രാജശേഖരന്‍ നായര്‍ എന്നിവരും ജനവിധി തേടും. പീരുമേടില്‍‌ വി.രതീഷ്, പുതുപ്പള്ളിയില്‍ രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കരയില്‍ അജിമോന്‍, ചവറയില്‍ കെ.ആര്‍ രാജേഷ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ആദ്യഘട്ടത്തില്‍ 47 മണ്ഡലങ്ങളിലേക്കും രണ്ടാംഘട്ടത്തില്‍ 39 മണ്ഡലങ്ങളിലേക്കുമായി 86 സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെയാണ് പതിനൊന്ന് സീറ്റുകളിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ബി.ജെ.പി മല്‍സരിക്കുന്ന മുഴുവന്‍ സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളായി.

മറ്റു പാര്‍ട്ടികളില്‍ സീറ്റ് കിട്ടാതെ കലാപക്കൊടി ഉയര്‍ത്തി പുറത്തുവരുന്ന പ്രമുഖര്‍ക്കായി അവസാന നിമിഷത്തെ കാത്തിരിപ്പാണ് അവസാന പതിനൊന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിച്ചത്. അതേസമയം, ബിഡിജെഎസ് 23 സീറ്റിലും ട്വന്‍റി ട്വന്‍റി 19 സീറ്റിലും മല്‍സരിക്കും. ഇരുപാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The BJP has released its third list of 11 candidates for the 2026 Kerala Assembly elections, completing its tally of 97 seats. Key candidates include Karamana Jayan for Thiruvananthapuram, actor Vivek Gopan for Aruvikkara, and Congress-defector RS Arun Raj for Chadayamangalam. The NDA allies BDJS and Twenty20 have also finalized their candidates for 23 and 19 seats, respectively. Check the full list of the newly announced BJP candidates.