2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിസ്മയമായിരുന്നു ഫിറോസ് കുന്നംപറമ്പില്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന കാലത്തായിരുന്നു ഫിറോസിന്‍റെ സ്ഥാനാര്‍ഥിത്വം. തവനൂരില്‍ ഇടതു സ്വതന്ത്രന്‍ കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് മല്‍സരിച്ചത്. ഭൂരിപക്ഷം 3066 വോട്ടാക്കി കുറയ്ക്കാന്‍ ഫിറോസിന് സാധിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള തീരുമാനം തെറ്റായിരുന്നു എന്നാണ് അഞ്ചു വര്‍ഷത്തിനിപ്പുറം ഫിറോസ് പറയുന്നത്. 

തിരഞ്ഞെടുപ്പ് വ്യക്തിപരമായി വലിയ വില നല്‍കേണ്ടി വന്നു. തിരഞ്ഞെടുപ്പിന് ശേഷം ഇടതു സൈബര്‍ ഇടങ്ങളില്‍ ചാരിറ്റി മാഫിയ കിങ് എന്ന വിശേഷണം വന്നു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ നിയമനടപടികളും നേരിടേണ്ടി വന്നെന്നും ഫിറോസ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്ന് ഫിറോസിന്‍റെ പക്ഷം. ജീവകാരുണ്യ പ്രവർത്തനങ്ങൾ കുത്തനെ കുറയുകയും  ഒറ്റപ്പെടുകയും ചെയ്തു. മാനുഷിക പരിഗണന അർഹിക്കുന്ന കാര്യങ്ങളിൽ പോലും രാഷ്ട്രീയ നേതാക്കൾ അകലം പാലിച്ചുവെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. 

2021 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ചികിത്സാ സഹായങ്ങള്‍ക്കൊപ്പം പാവപ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പുകള്‍ വരെ ചാരിറ്റി ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കിയിരുന്നു. ആളുകള്‍ വിശ്വസിക്കുകയും തന്നെ സമീപിക്കുകയും ചെയ്തിരുന്നതായും ഫിറോസ് പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോകൾ പങ്കുവെച്ചാണ് സഹായിച്ചിരുന്നത്. പലപ്പോഴും ആവശ്യപ്പെട്ടതിലും കൂടുതൽ തുക ലഭിച്ചാല്‍ ബാക്കി തുക തിരികെ നല്‍കും. അത് മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. വലിയ ജനപിന്തുണയുണ്ടായിരുന്നു. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പ് ജീവിതം മാറ്റിമറിച്ചു എന്നാണ് ഫിറോസ് പറയുന്നത്. 

ENGLISH SUMMARY:

Firoz Kunnamparambil stated that contesting the 2021 Kerala Assembly elections was the biggest mistake of his life, leading to a drastic reduction in his charitable activities and personal isolation. The aftermath of the election resulted in him being labeled a 'charity mafia king' on left-wing social media, and he also faced legal actions after the LDF came to power.