സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലിംലീഗിന്റെ പല മണ്ഡലങ്ങളിലും തമ്മിലടിയും തർക്കവും. മണ്ണാർക്കാട് മണ്ഡലത്തിൽ നാട്ടുകാരനായ സ്ഥാനാർഥി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് എത്തിയത് നേതൃത്വത്തിന് തലവേദനയായി തുടരുകയാണ്. തിരൂരിലേയും തിരൂരങ്ങാടയിലേയും പ്രാദേശിക പ്രതിഷേധങ്ങൾ പരിഹരിക്കാനുള്ള ശ്രമവും ഫലം കണ്ടിട്ടില്ല.
മണ്ണാർക്കാട് മണ്ഡലത്തിൽ ഇപ്രാവശ്യം നാട്ടുകാരനായ സ്ഥാനാർഥി വേണമെന്ന ആവശ്യവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയിരുന്നു. മുൻ നഗരസഭ ചെയർമാൻ കൂടിയായ ഫായിദ ബഷീറിനെ സ്ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എൻ. ഷംസുദ്ദീനെ വീണ്ടും പ്രഖ്യാപിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കൾ കലഹം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി നടത്തിയ സമവായ ചർച്ചകളും ഫലം കണ്ടില്ല. തിരൂരങ്ങാടിയിൽ അൻവർ നെഹാ ഉൾപ്പെടെയുള്ള പ്രാദേശിക സ്വാധീനമുള്ള പല സ്ഥാനാർഥികളുടെ പേരും പറഞ്ഞിരുന്നെങ്കിലും പി എം എ സെമീർ സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് ഉയർന്ന തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമവും തുടരുകയാണ്. നോമ്പുകാലത്തും ഒട്ടും വൈകാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് തന്നെമുസ്ലിം ലീഗിന്റെ നേട്ടമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരിലെ പ്രാദേശിക തർക്കം പരിഹരിക്കാനും ലീഗ് നേതൃത്വം യോഗം വിളിച്ചിട്ടുണ്ട്.