നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാന ലാപ്പിലേയ്ക്ക് കടക്കുമ്പോഴും ബിജെപി എത്ര സീറ്റുകളില്‍ മല്‍സരിക്കുമെന്നത് അവ്യക്തം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുകയുന്ന അതൃപ്തി ബിജെപിയില്‍ പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങുന്നു. ധര്‍മ്മടത്ത് മല്‍സരിപ്പിക്കാത്തതില്‍ പ്രചാരണത്തിന് ഇറങ്ങാതെ തളിപ്പറമ്പ് ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിദാസിന്‍റെ പ്രതിഷേധം തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ച് സംസ്ഥാന വക്താവ് ടി.പി സിന്ധുമോളും രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന ഭാരവാഹിയായ തന്നെ ഒഴിവാക്കിയത് സംസ്ഥാന നേതൃത്വത്തിന്‍റെ ശത്രുതാപരമായ സമീപനത്തിന്‍റെ ഭാഗമാണെന്നാണ് ടി.പി സിന്ധുമോളുടെ പരാതി. ഏറ്റുമാനൂര്‍ സീറ്റിലേയ്ക്ക് സിന്ധുമോളെ പരിഗണിച്ചിരുന്നു. എന്നാല്‍ ഏറ്റുമാനൂര്‍ ട്വന്‍റി ട്വന്‍റിക്ക് നല്‍കി. തുടര്‍ന്നാണ് സംഘടനാച്ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് സിന്ധുമോള്‍ കത്തയച്ചത്. സംസ്ഥാന കോര്‍ കമ്മിറ്റി വിപുലീകരിച്ചപ്പോള്‍ വനിതാപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടത് മുതലാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും തനിക്കെതിരായ നീക്കമുണ്ടായതെന്ന് സിന്ധുമോള്‍ ചൂണ്ടിക്കാട്ടുന്നു. തന്നെ ഒരു ഗ്രൂപ്പിന്‍റെ ആളായി ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും സിന്ധുമോള്‍ സംസ്ഥാന നേതൃത്വത്തെ ഉന്നമിട്ട് പറയുന്നു.
ബിജെപി മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും വ്യക്തതയില്ല. സഖ്യകക്ഷികളുമായുള്ള സീറ്റ് വീതംവയ്പ്പിലും മണ്ഡലം നിശ്ചയിക്കുന്നതിലും അവസാനഘട്ടത്തിലും തീരുമാനമാകാത്തതിനാല്‍ സീറ്റ് പ്രഖ്യാപനം പൂര്‍ണമായിട്ടില്ല. ബിജെപി രണ്ട് പട്ടികകളിലായി 86 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 96 സീറ്റുകളില്‍ മല്‍സരിക്കാനാണ് നിലവിലെ ധാരണ. മറ്റു പാര്‍ട്ടികളില്‍ സീറ്റ് കിട്ടാതെ കലാപക്കൊടി ഉയര്‍ത്തി പുറത്തുവരുന്ന പ്രമുഖര്‍ക്കായി അവസാന നിമിഷത്തെ കാത്തിരിപ്പാണ്. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, എസ് സുരേഷ് എന്നിവരും ഇത്തവണ മല്‍സരരംഗത്തുണ്ടായേക്കില്ല.
അതേസമയം, ബിഡിജെഎസ് 23 സീറ്റിലും ട്വന്‍റി ട്വന്‍റി 19 സീറ്റിലും മല്‍സരിക്കും. ഇരുപാര്‍ട്ടികളും മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. കൊച്ചിയില്‍ സേവ്യര്‍ ജൂലപ്പനും ഇരിക്കൂറില്‍ പി.ശ്രീനാഥും ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ഥികളാകും. എന്‍ഡിഎയിലെ ചെറുപാര്‍ട്ടികള്‍ക്കും സീറ്റ് നല്‍കിയേക്കും.