കോണ്‍ഗ്രസിന്റെ അവസാന പട്ടികയും പുറത്തിറങ്ങിയതോടെ പ്രചാരണത്തില്‍ സജീവമായി സ്ഥാനാര്‍ഥികള്‍. ഭരണവിരുദ്ധ വികാരം ഗുണം ചെയ്യുമെന്ന് സ്ഥാനാര്‍ഥികള്‍ പറഞ്ഞു.

കൊച്ചി മുന്‍ മേയറും വൈപ്പിൻ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ടോണി ചമ്മണി എടവനക്കാട് പഞ്ചായത്തിൽ നിന്നാണ് തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. നായരമ്പലം മുസ്‍ലിം പള്ളിയിലെ ഈദ് ഗാഹിലും അദ്ദേഹം പങ്കെടുത്തു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രദര്‍ശനവും മതനേതാക്കളുമായുള്ള കൂടികാഴ്ച്ചയും നടത്തിയാണ് തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് ജോയ് പ്രചാരണം ആരംഭിച്ചത്. കൊച്ചിയിലെ സ്ഥാനാര്‍ഥിയും ഡിസിസി അധ്യക്ഷനുമായ മുഹമ്മദ് ഷിയാസ് വിവിധ പള്ളികള്‍ സന്ദര്‍ശിക്കുകയും പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. മുഹമ്മദ് ഷിയാസിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ദീപ്തിമേരി വര്‍ഗീസും പ്രചാരണത്തില്‍ പങ്കാളിയായി. ആറന്മുളയിലെ കോൺഗ്രസ് സ്ഥാനാർഥി അബിന്‍ വര്‍ക്കിയും കോന്നിയിലെ സ്ഥാനാര്‍ഥി സതീഷ് കൊച്ചുപറമ്പിലും രാവിലെ മുതല്‍ തന്നെ പ്രചാരണത്തില്‍ സജീവമായി. തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിലെ യു,ഡി.എഫ് സ്ഥാനാര്‍ഥി മീനാങ്കല്‍ കുമാറും പ്രചാരണം തുടങ്ങി. പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഉയർത്തിയ എതിർപ്പുകൾ ഒത്തുതീർപ്പാക്കിയാണ് മീനാങ്കൽ പ്രചാരണത്തിൽ സജീവമായത്. മാനന്തവാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉഷ വിജയനും കേരള കോണ്‍ഗ്രസില്‍ നിന്നേറ്റെടുത്ത ഇടുക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയ് കെ.പൗലോസും പ്രചാരണം ആരംഭിച്ചു. 

ENGLISH SUMMARY:

Congress candidates are actively campaigning across Kerala following the release of the final candidate list, with many believing anti-incumbency sentiment will work in their favor. Malayala Manorama Online News reports on the energetic starts to campaigns by prominent UDF candidates in constituencies like Vypeen, Thrippunithura, Kochi, Aranmula, Konni, Nedumangad, Mananthavady, and Idukki.