കെ.സുധാകരന്റെ സമ്മര്‍ദത്തിന് വഴങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കണ്ണൂരില്‍ കെ.സുധാകരന്‍ മല്‍സരിക്കും. എം.പി.മാരില്‍ കെ.സുധാകരന് മാത്രമാണ് ഇളവ് നല്‍കുന്നത്. പ്രതിസന്ധി ഒഴിവാക്കാന്‍ എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും ഇടപെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. അനുനയത്തിലെത്താന്‍ സുധാകരനോട് ആവശ്യപ്പെട്ടെന്നും മൂന്നാമത് ഭരണം ഉണ്ടാകരുതെന്നും പറഞ്ഞെന്നും എ.കെ.ആന്റണി സ്ഥിരീകരിച്ചു. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും എ.കെ.ആന്റണി പറഞ്ഞു.
രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഫോണില്‍ വിളിച്ച സുധാകരന്‍ നിങ്ങള്‍ നിങ്ങളുടെ വഴിക്ക് നടക്കെന്നും ഞാന്‍ എന്‍റെ വഴിക്ക് നടക്കാമെന്നും അറിയിച്ച് നിലപാട് കടുപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കമാന്‍ഡ് എംപിമാര്‍ മല്‍സരിക്കേണ്ടെന്ന നിലപാടില്‍ സുധാകരനായി ഇളവ് പ്രഖ്യാപിച്ചത്.
അതേസമയം, മാരത്തോൺ ചർച്ചകൾക്കും അഭിപ്രായ ഭിന്നതകൾക്കും ശേഷം കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പുലർച്ചെ 2.30 വരെ നീണ്ട മാരത്തൺ ചർച്ചകൾക്ക് ഒടുവിലും 37 സീറ്റുകളിൽ തീരുമാനമെടുക്കാൻ നേതൃത്വത്തിനായില്ല. ധാരണയിലെത്താത്ത മണ്ഡലങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി. തിരുവനന്തപുരം ,എറണാകുളം, കോട്ടയം ,ഇടുക്കി, തൃശൂർ ജില്ലകളിൽ വിവിധ സീറ്റുകളിലാണ് തർക്കം.
കൊച്ചിയിൽ മുഹമ്മദ് ഷിയാസിനായി വി.ഡി.സതീശനും ദീപ്തി മേരി വർഗീസിനായി കെ.സി.വേണുഗോപാലും നിലയുറപ്പിച്ചത് ചർച്ച നീട്ടി കൊണ്ടുപോയി.
എല്ലാം കെ പി സി സി പ്രസിഡന്റ് പറയുമെന്ന് വി ഡി സതീശൻ. 72 മണിക്കൂർ കേരളത്തിന്റെ കാര്യമല്ല ചർച്ച ചെയ്തത്, ആസാമും പോണ്ടിച്ചേരിയും ഒക്കെ ചർച്ച ചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അഞ്ച് സീറ്റുകളില്‍ ചില കാര്യങ്ങളില്‍ പരിശോധന നടത്താന്‍ മാറ്റിവച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഒട്ടും വൈകിയിട്ടില്ലെന്ന് സതീശന്‍ ഡല്‍ഹിയില്‍ പറഞ്ഞു.