മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ആസ്തി. 45,35,620 രൂപയുടെ നിക്ഷേപവും 56,02,000 രൂപ മൂല്യമുള്ള വസ്തു വകകളും പിണറായി വിജയനുണ്ട്. ഭാര്യ കമലയ്ക്ക് 60,58,442 രൂപയുടെ നിക്ഷേപമുണ്ട്. മുഖ്യമന്ത്രിയുടെ പേരില്‍ 78 സെന്റും ഭാര്യയുടെ പേരില്‍ പതിനേഴര സെന്റും ഭൂമിയുമുണ്ട്. മുഖ്യമന്ത്രിയുടെ കൈവശം പതിനായിരം രൂപയാണുള്ളത്. ഭാര്യയുടെ കൈവശം അയ്യായിരം രൂപയുണ്ട്. ധര്‍മടത്തു നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദ്ദേശ പത്രികയിലാണ് ഈ വിവരം.
പിണറായിയുടെ ആസ്തി
പിണറായി വിജയന്‍റെ കയ്യില്‍ 10,000 രൂപയാണുള്ളത്. തലശേരിയില്‍ എസ്ബിഐ ബ്രാഞ്ചിലെ സേവിങ്സ് അക്കൗണ്ടില്‍ 5,13,847 രൂപയുണ്ട്. പിണറായി സര്‍വീസ് സഹകരണ ബാങ്കില്‍ 6,312 രൂപയും മറ്റൊരു അക്കൗണ്ടുകളില്‍ 1,81,822 രൂപയും 2000 രൂപയുമാണ് മുഖ്യമന്ത്രിക്കുള്ളത്. സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയില്‍ 37,11,039 രൂപയും പിണറായിയുടെ പേരിലുണ്ട്.
മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപ മൂല്യമുള്ള 1000 ഓഹരികളുണ്ട്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ 500 രൂപയുടെ ഒരു ഓഹരി, പിണറായി ഇന്‍ഡസ്ട്രിയല്‍ സഹകരണ സംഘത്തില്‍ 100 രൂപയുടെ ഒരു ഓഹരി എന്നിവയാണ് മറ്റു നിക്ഷേപം. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ 1 ലക്ഷം മൂല്യമുള്ള 1000 ഓഹരികള്‍ പിണറായിക്കുണ്ട്. ആകെ 4535620 രൂപയാണ് അദ്ദേഹത്തിന്‍റെ നിക്ഷേപം.
കമലയുടെ ആസ്തി
ഭാര്യ കമലയുടെ കയ്യില്‍ 5000 രൂപയുണ്ട്. തലശേരി എസ്ബിഐ ബ്രാഞ്ചിലെ സേവിങ്സ് അക്കൗണ്ടില്‍ 1,59,963 രൂപ. തിരുവനന്തപുരത്തെ എസ്ബിഐ എസ്എംഇ ബ്രാഞ്ചില്‍ 53346 രൂപ. മാടായി സര്‍വീസ് സഹകരണ ബാങ്കില്‍ 4,84,109 രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. മാടായി ബാങ്കില്‍ മറ്റൊരു അക്കൗണ്ടില്‍ 25 രൂപയുണ്ട്. മൗവഞ്ചേരി സഹകരണ ബാങ്കില്‍ 3,90,720 രൂപയുമുണ്ട്. വ്യത്യസ്ത അക്കൗണ്ടുകളിലായി 11,27,795 രൂപയുടെയും 2,68,987 രൂപയുടെ സ്ഥിര നിക്ഷേപവും കമലയ്ക്കുണ്ട്.
കണ്ണൂര്‍ ട്രഷറിയില്‍ 4,79,856 രൂപയുെടയും 5,50,000 രൂപയുടെയും നിക്ഷേപം. കാടച്ചറി എസ്ബിഐയില്‍ 6,51,496 രൂപയുടെ സ്ഥിര നിക്ഷേപം, മറ്റൊരു അക്കൗണ്ടില്‍ 5 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം എന്നിവയാണ് നിക്ഷേപങ്ങളുടെ വിവരങ്ങള്‍. മലയാളം കമ്മ്യൂണിക്കേഷന്‍, കിയാല്‍, എന്നിവിടങ്ങളില്‍ ഓഹരിയും കമലയ്ക്കുണ്ട്. 80 ഗ്രാം സ്വര്‍ണമാണ് കയ്യിലുള്ളത്. ഇന്നലത്തെ വിപണി മൂല്യം പ്രകാരം 1156800 രൂപ വരും. ആകെ ആസ്തി 6058442 രൂപ
പിണറായി വിജയന്‍റെ പേരില്‍ സ്വന്തമായി സ്വര്‍ണമോ വാഹനങ്ങളോ ഇല്ല. 78 സെന്‍റ് ഭൂമി പിണറായിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരില് 17.5 സെന്‍റും. പിണറായിക്ക് 56,02,000 രൂപയുടെ വസ്തുക്കളും ഭാര്യയ്ക്ക് 36,00,000 രൂപയുടെ വസ്തുക്കളുമാണുള്ളത്. ഇരുവര്‍ക്കും ബാധ്യതകളില്ല. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണില്‍ 5,33,060 രൂപയാണ് വരുമാനമായി കാണിച്ചിട്ടുള്ളത്. 5,77,970 രൂപയാണ് കമലയുടെ വരുമാനം.