eldose-delhi

നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല.  സീറ്റ് നല്‍കേണ്ടെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസ് എല്‍ദോസിനെതിരെ കോടതിയില്‍ നിലനില്‍പ്പുണ്ട്. ഇതാണ് തിരിച്ചടിയായതെന്നാണ് സൂചന.സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ, എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സീറ്റില്ലെന്നാണ് വിവരം. 

സീറ്റ് ലഭിക്കുമെന്ന് ഉറച്ച വിശ്വാസം പ്രകടിപ്പിച്ച എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ താൻ മത്സരിച്ചാൽ 15000 വോട്ടിനെങ്കിലും ജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പി.കെ ശശിക്ക് സീറ്റുണ്ട് , താങ്കൾക്ക് സീറ്റില്ലാത്തത് എന്തുകൊണ്ടാണ്?  എന്ന ചോദ്യത്തിന് പി.കെ ശശിക്ക് തീവ്രത കൂടുതലായിരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. താന്‍ ഓട്ടോ ഓടിച്ചും പള്ളിയില്‍ മണിയടിച്ചും പത്രം വിതരണം ചെയ്തുമാണ് ഉയര്‍ന്ന് വന്നതെന്ന് എല്‍ദോസ് പറഞ്ഞു.

പെരുമ്പാവൂരിൽ കഴിഞ്ഞ 10 വർഷക്കാലം വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടി. പി.പി. തങ്കച്ചൻ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു ചർച്ച പോലും ഉണ്ടാകില്ലായിരുന്നു. എം. വിൻസെൻ്റിനെ ആദ്യം പരിഗണിച്ചു എന്നെ പിന്നീട് പരിഗണിക്കും എന്നാണ് മനസ്സിലാക്കുന്നത്. മറ്റൊരാൾക്ക് വേണ്ടി മാറിക്കൊടുക്കാൻ ആണെങ്കിൽ നേതൃത്വത്തിന് തന്നോട് നേരിട്ട് പറഞ്ഞാൽ മതിയെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

ENGLISH SUMMARY:

Eldhos Kunnappilly, the sitting MLA for Perumbavoor, has been denied a seat in the Congress candidate list for the upcoming Assembly elections. This decision by the High Command is reportedly due to ongoing legal proceedings related to sexual assault allegations against him.