തലസ്ഥാനത്ത് കന്നിവിജയം തേടി യുഡിഎഫ് സ്ഥാനാര്‍ഥി സി.പി.ജോണ്‍. തിരുവനന്തപുരവുമായി നാല്‍പത് വര്‍ഷം നീണ്ട ബന്ധം മുതല്‍ക്കൂട്ടായി കാണുന്ന സി.എം.പി ജനറല്‍സെക്രട്ടറി സി.പി.ജോണ്‍, കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന അപശബ്ദങ്ങള്‍ എല്ലാം പറഞ്ഞൊതുക്കി പ്രചാരണം തുടങ്ങി.
സ്ഥാനാര്‍ഥി ചര്‍ച്ചകളൊക്കെ തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് യുഡിഎഫില്‍ ഉയര്‍ന്ന പൊതുവികാരമായിരുന്നു, സി.പി.ജോണിന് ഒരു ഉറച്ച സീറ്റ്. അതിനൊരു കാരണമുണ്ട്. അവസാനകാലത്ത് സി.പി.എമ്മിനോടുള്ള നിലപാടില്‍ എം.വി.രാഘവന് ചാഞ്ചല്യം വന്നപ്പോഴും യുഡിഎഫിനൊപ്പം ഉറച്ചനിന്ന ശബ്ദമാണ് ജോണിന്റെത്. ജന്മനാടായ കുന്നംകുളത്ത് രണ്ടുതവണ പരാജയപ്പെട്ട ജോണിന് തലസ്ഥാനത്ത് കാണുന്ന വോട്ടുബാങ്ക് നാല് പതിറ്റാണ്ട് കാലത്തെ വ്യക്തിബന്ധമാണ്.
സി.പി.ജോണിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അതെല്ലാം പരിഹരിച്ചാണ് പ്രചാരണം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും ദേശീയ ഉപാധ്യക്ഷനുമായിരുന്ന ജോണിന്റെ സിപിഎം വിമര്‍ശനത്തിന് മൂര്‍ച്ചയേറെയാണ്.
എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞിട്ടില്ലെങ്കിലും ശക്തമായ മത്സരം മുന്നില്‍കണ്ട് തന്നെയാണ് ജോണിന്റെ പ്രചാരണം. ഫുട്ബോള്‍ ആയിരുന്നു ജോണിന് പ്രിയം. അത്യാവശ്യം കരാട്ടയും അറിയാം. ഇപ്പോള്‍ വഴക്കം ടെന്നീസിലാണ്. അസാധ്യ മെയ്വഴക്കം മുതല്‍ക്കൂട്ടാകുമെന്ന് ജോണ്‍.