അബ്ദുറഹിമാൻ രണ്ടത്താണി, നൂർബിന റഷീദ്, ഫാത്തിമ തെഹലിയ, എ.വിജയരാഘവന്‍
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‍ലിം ലീഗിലും കലഹം. തിരൂരങ്ങാടിയിൽ പി.എം.എ.ഷമീറിനെ സ്ഥാനാർഥിയാക്കിയതിൽ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പ്രതിഷേധമുയർത്തി. മുസ്‍ലിം ലീഗ് നേതൃത്വത്തെ വിമർശിച്ച ഫാത്തിമ തെഹലിയയ്ക്ക് സീറ്റ് നൽകിയത് തെറ്റായ സന്ദേശമാണെന്ന് നൂർബിന റഷീദ്. അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രതിഷേധം മുതലെടുത്ത് മലപ്പുറത്തെ മൂന്നു സ്ഥാനാർഥികളെ മാറ്റുന്നതടക്കുമുള്ള അപ്രതീക്ഷിത നീക്കവുമായി സി.പി.എമ്മും രംഗത്തെത്തി. Also Read: മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റില്ല; ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ്; ബിജെപിയില്‍ കടുത്ത ഭിന്നത .
ലീഗ് സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിന് പിന്നാലെ ആദ്യം മുൻ അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പ്രകീർത്തിച്ചും പിന്നീട് തിരൂരങ്ങാടിയിൽ പി എം എ ഷമീർ മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥാനാർഥി ആയതെന്നും വിമർശിച്ചാണ് അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ. പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണിയെ പറ്റുമെങ്കിൽ തിരൂരങ്ങാടിയിൽ തന്നെ സ്ഥാനാർഥിയാക്കാനുള്ള ശ്രമം സിപിഎം ആരംഭിച്ചു.
നിലവിൽ സിപിഐയുടെ അജിത് കോളാടിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് മുന്നോട്ടു പോയെങ്കിലും അബ്ദുറഹിമാൻ രണ്ടത്താണി വരികയാണെങ്കിൽ മണ്ഡലം വിട്ടു നൽകാൻ തയ്യാറാകും. അബ്ദുറഹിമാൻ രണ്ടത്താണിക്ക് താനൂരാണ് താല്‍പര്യമെങ്കിൽ വി.അബ്ദുറഹിമാൻ തിരൂരിലേക്ക് മാറും. ഫാത്തിമ തെഹലിയയെ സ്ഥാനാർഥി ആക്കിയതിനെതിനെ രൂക്ഷമായ ഭാഷയിലാണ് നൂർബിന റഷീദ് വിമർശിച്ചത്.
അബ്ദുറഹ്മാൻ രണ്ടത്താണിയുടെയും നൂർബിന റഷീദിന്റെയും പ്രസ്താവനകൾ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള സ്വാഭാവിക പ്രതികരണങ്ങൾ ആണെന്നും പരാതിയുള്ളവരെ ഒപ്പം ചേർത്തുനിർത്തുമെന്നും പാണക്കാട് സാദിഖ ശിഹാബ് തങ്ങൾ പറഞ്ഞു. തനിക്കെതിരെയുള്ള നൂർബിന റഷീദിന്റെ വിമർശനത്തോട് പ്രതികരിക്കുന്നില്ലെന്നും നേതൃത്വം മറുപടി പറയുമെന്നും ഫാത്തിമ തെഹലീയ പറഞ്ഞു. സാഹചര്യം മനസ്സിലാക്കി രാഷ്ട്രീയ നീക്കം നടത്താനായി മലപ്പുറത്ത് പൊളിറ്റ് ബ്യൂറോംഗം എ. വിജയരാഘവന്റെ നേതൃത്വത്തിൽ സിപിഎം യോഗം ചേർന്നു.