ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. തിരൂരങ്ങാടിയില്‍ പി.എം.എ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യമാണ്. മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെടാത്തയാളാണ് സമീര്‍. പാര്‍ട്ടിക്കായി പണിയെടുക്കുന്നവര്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വഭാവികമെന്നും രണ്ടത്താണി ഫെയ്സ് ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശിച്ചത്.
അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ കുറിപ്പ് പൂര്‍ണരൂപം
ഞാൻ വിമർശിക്കപ്പെടേണ്ടവനല്ല എന്ന് ആരും ധരിക്കരുത്. മിമ്പറിൽ നിന്ന ഖലീഫയോട് പോലും ചോദ്യമുന്നയിച്ച ചരിത്രമുണ്ട്. യൂത്ത് ലീഗ് നേതാക്കളായ അഡ്വ.പി.കെ ഫിറോസ് അഡ്വ: ഫൈസൽ ബാബു ടി.പി.അശ്രഫലി പി.കെ. നവാസ് തുടങ്ങിയ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവ നേതാക്കൾ സ്ഥാനാർത്ഥികളായത് അഭിമാനകരം തന്നെ. ഇടതുപക്ഷത്തോട് പോരടിച്ച് രണ്ട് തവണ എം എൽ എ യാവുകയും രണ്ട് തവണ തോൽക്കുകയും ചെയ്ത കെ എം ഷാജിക്ക് വേങ്ങരയിൽ അവസരം നൽകുകയും ചെയ്ത തീരുമാനവും ഉചിതം.
പക്ഷെ എ കെ ആന്റണിയും അവുക്കാദർ കുട്ടി നഹസാഹിബും യുഎ ബീരാൻ സാഹിബും പ്രതിനിധീകരിച്ച തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയോ മുനിസിപ്പൽ കമ്മിറ്റിയോ പാർട്ടി പ്രവർത്തകരോ ആവശ്യപ്പെടാതെ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്നൊരാളെ അർഹതപ്പെട്ടവരുണ്ടായിട്ടും അവരെ അവഗണിച്ച് നിഷ്കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുത്. പ്രതിഫലം പറ്റാതെ പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നവർ അവരുടെ വികാരം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്.