സിപിഎം– സിപിഐ സ്ഥാനാർത്ഥി പ്രഖ്യാപനമായെങ്കിലും എൽഡിഎഫിന് തലവേദനയായി ചെറുകക്ഷികളുടെ തർക്കം. കേരള കോൺഗ്രസ് എം ആവശ്യപ്പെട്ട പതിമൂന്നാമത്തെ സീറ്റ് നൽകാനാവില്ലെന്ന് ഏറെക്കുറെ സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അവസാനഘട്ട ശ്രമമെന്ന നിലയിൽ പതിമൂന്നാമത്തെ സീറ്റിനായി കേരള കോൺഗ്രസ് സമ്മർദം തുടരുകയാണ്.
എൻസിപിയുടെ സീറ്റായ എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. എൻസിപിക്ക് അകത്ത് ചർച്ചകൾ പലവട്ടം കഴിഞ്ഞെങ്കിലും എല്ലാം ഉടക്കി പിരിയുകയായിരുന്നു. എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് ഇനി നിർണായകം. ആർജെഡിക്ക് നൽകിയിരിക്കുന്ന മൂന്ന് സീറ്റ് കൂടാതെ കോവളം കൂടി അവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയും സിപിഎം വഴങ്ങിയിട്ടില്ല. കഴിഞ്ഞതവണ മത്സരിച്ച കോവളം തങ്ങൾക്ക് വേണമെന്ന് നിലപാടിൽ ജനതാദൾ എസ്സിന്റെ പുതിയ പാർട്ടിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഉറച്ചുനിൽക്കുകയാണ്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
ആൻറണി രാജു അയോഗ്യനായ തിരുവനന്തപുരം സീറ്റിൽ ആരു മത്സരിക്കണമെന്ന കാര്യത്തിൽ നാളെ മാത്രമേ തീരുമാനമാവു. കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നുള്ള ആൻറണി രാജുവിന്റെ ഹർജി നാളെയാണ് ഹൈക്കോടതി വിധി പറയുക. ആന്‍റണി രാജുവിന് അനുകൂലമായി വിധി പറഞ്ഞാൽ അദ്ദേഹം തന്നെ മത്സരിക്കട്ടെ എന്ന നിലപാടിലാണ് സിപിഎം. അല്ലെങ്കിൽ ആന്‍റണി രാജുവിന്റെ കൂടി താല്‍പര്യമുള്ള സ്ഥാനാർത്ഥി ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ടിക്കറ്റിലോ പൊതുസ്വതന്ത്രനായോ മത്സരിക്കും.
അതേസമയം, സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് മടുപ്പില്ലെന്ന് എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം മലക്കം മറിഞ്ഞിട്ടില്ല. ജി.സുധാകരന്‍ പോയത് കൊണ്ട് അമ്പലപുഴയില്‍ ഒന്നും സംഭവിക്കില്ലെന്നും ജി.സുധാകരന്‍ യുഡിഎഫ് ആയി മാറിയെന്നും എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.