പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണന്‍ മല്‍സരിക്കും. നാളെ രാവിലെ പത്തുമണിക്ക് മാധ്യമങ്ങളെ കാണുന്ന കുഞ്ഞികൃഷ്ണന്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിക്കും. സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ സിറ്റിങ് എംഎല്‍എയായ ടി.ഐ മധുസൂദനന്‍ പയ്യന്നൂരില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനും മത്സര രംഗത്തേക്ക് എത്തുന്നത്. സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാലുടന്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് നേരത്തെ വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല. ആർഎംപി സ്ഥാനാർഥിയായി കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാന്‍ നേരത്തെ ശ്രമങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തിലും അദ്ദേഹം നാളെ നിലപാട് വ്യക്തമാക്കിയേക്കും. ആർഎംപി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറാകും എന്ന സൂചനകളും ഉണ്ടായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 ശതമാനത്തോളം വോട്ടു നേടിയാണ് ടി.ഐ മധുസൂദനനന്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 30 ശതമാനത്തോളമാണ് ലഭിച്ച വോട്ട്. 

ധൻരാജ് രക്തസാക്ഷി ഫണ്ട് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ മുക്കിയെന്ന ആരോപണം ഉന്നയിച്ചയാളാണ് വി. കുഞ്ഞികൃഷ്ണന്‍. ആരോപണങ്ങള്‍ക്ക് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പിന്നാലെ ആരോപണങ്ങള്‍ വിശദീകരിക്കുന്ന പുസ്തകം കുഞ്ഞികൃഷ്ണന്‍ പുറത്തിറക്കിയിരുന്നു. രക്തസാക്ഷി ധനരാജിന്‍റെ ഫണ്ട്, ഏരിക കമ്മിറ്റി ഓഫിസ് നിര്‍മ്മാണം എന്നീ ധനശേഖരണങ്ങളില്‍ പാര്‍ട്ടിക്ക് 91 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് കുഞ്ഞികൃഷ്ണന്‍ പുസ്തകത്തിലൂടെ ആരോപിക്കുന്നത്. പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ നേതാവിനൊപ്പം നില്‍ക്കണമോ എന്ന ചോദ്യം തന്നെ അലട്ടിയെന്നും ഒടുവില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയെന്ന തീരുമാനം കൈക്കൊണ്ടുവെന്നും കുഞ്ഞികൃഷ്ണന്‍ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ENGLISH SUMMARY:

V Kunhikrishnan will contest against T I Madhusoodanan in Payyanur, a move that follows the CPM's announcement of T I Madhusoodanan as their candidate. Kunhikrishnan is expected to make his official announcement tomorrow, potentially clarifying his candidacy as an RMP nominee and the possibility of Congress support.