നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ ടി ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എം എൽ എയായ ടൈസൺ മാസ്റ്റർ, രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.

കാൽനൂറ്റാണ്ടായി പറവൂരിലെ എം എൽ എയായ സതീശനെ തളയ്ക്കാൻ ടൈസൺ മാസ്റ്റർക്ക് സാധിക്കുമെന്നാണ് സി പി ഐയുടെ പ്രതീക്ഷ. 2001 ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സി പി ഐയിലെ എം ടി നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു 2021 ലെ സതീശന്‍റെ വിജയം.

‘നുണ തോല്‍ക്കും, മാഷ് ജയിക്കും’ എന്ന ക്യാംപെയ്നുമായിട്ടാണ് ഇടതുമുന്നണി രംഗത്ത് വന്നിരിക്കുന്നത്. അതേ സമയം സിപിഎം 86 സീറ്റുകളിൽ മത്സരിക്കും. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. പിബിയിൽനിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്. ധര്‍മടത്ത് പിണറായിയും പേരാവൂരിൽ കെ.കെ.ശൈലജയും മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല. പാലക്കാട് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ലെന്നും പിന്നീട് തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട്ട് സ്വതന്ത്രനായിരിക്കും മത്സരിക്കുന്നത്. 5 സ്വതന്ത്ര സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ സ്ഥാനാർഥി പട്ടിക പൂർത്തിയാകും.

ENGLISH SUMMARY:

VD Satheesan will face ET Tyson Master in the Paravur constituency during the upcoming Assembly elections. The Left Front is aiming to challenge Satheesan's winning streak by fielding a strong opponent like Tyson Master.