• ' കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വയ്ക്കട്ടെ. കാരണം ഗ്യാനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വോട്ടുചോരിയുടെ ഭാഗമായുണ്ടായ സര്‍ക്കാരുകളാണല്ലോ അതും'

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ. ബാലറ്റ് പേപ്പർ വഴി തിരഞ്ഞെടുപ്പിനെ നേരിടാന്‍താന്‍ തയ്യാറാണെന്നും എന്നാൽ അതിന് മുൻപായി കേരളം, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെടുന്നതിന് മുൻപ് രാഹുൽ ഗാന്ധി ആദ്യം രാജി വയ്ക്കണം. കാരണം അതേ പ്രക്രിയയിലൂടെയാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നും ഹിമന്ത പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി നടത്തുന്ന തിരഞ്ഞെടുപ്പുകളെ ബഹിഷ്കരിക്കാനും അദ്ദേഹം കോൺഗ്രസിനെ വെല്ലുവിളിച്ചു. Also Read: 'മന്ത്രിമാരുള്‍പ്പടെ 25 എംഎല്‍എമാര്‍ ബിജെപിയിലേക്ക്'; 'കൊണ്ടുപൊയ്​ക്കോ'; പരിഹസിച്ച് ഡി.കെ

വാര്‍ത്താസമ്മേളനത്തിലാണ് ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് പോകുന്നതിന് തനിക്ക് എതിര്‍പ്പൊന്നുമില്ലെന്നും പക്ഷേ ചില നിബന്ധനകളുണ്ടെന്നും ഹിമന്ത വിശദീകരിച്ചത്. ' ബാലറ്റ് പേപ്പറില്‍ ഇലക്ഷന്‍ നടത്താന്‍ ഞാന്‍ റെഡിയാണ്. പക്ഷേ രാഹുലും കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുകളെ കൂടി രാജി വയ്പ്പിക്കണം. കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വയ്ക്കട്ടെ. കാരണം ഗ്യാനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വോട്ടുചോരിയുടെ ഭാഗമായുണ്ടായ സര്‍ക്കാരുകളാണല്ലോ അതും' – ഹിമന്ത പറഞ്ഞു. 

രാജ്യത്തെ ജനസംഖ്യ പരിശോധിക്കുമ്പോള്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം അത്യാവശ്യമായിരുന്നുവെന്നും ഹിമന്ത അവകാശപ്പെട്ടു. 'എസ്ഐആര്‍ രാജ്യത്തിന് വേണമായിരുന്നു. അസം, ബംഗാള്‍, ‍ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ അനധികൃത കുടിയേറ്റം നടന്നതിനെ തുടര്‍ന്ന് ജനസംഖ്യയില്‍ മാറ്റമുണ്ടായി. എല്ലാ ദിവസവും അനധികൃത കുടിയേറ്റം നടക്കുന്നു. അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാത്തിടത്തോളം ഇന്ത്യയുടെ ജനസംഖ്യയും മാറിക്കൊണ്ടേയിരിക്കും. ഓരോ അഞ്ചു വര്‍ഷത്തിലും എസ്ഐആര്‍ നടത്തണം. അങ്ങനെ മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ'- അസം മുഖ്യമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വിദേശശക്തികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ രാഹുല്‍ തകര്‍ക്കുകയാണ്. ഇന്ത്യയെ നേപ്പാളിനെയും ബംഗ്ലദേശിനെയും പോലെ ആക്കാനാണ് ശ്രമിക്കുന്നത്. അരാജകത്വത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ്'- ഹിമന്ത മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ നടന്നത് 'ദിമാഗി നക്സലുകളും' അരാജകവാദികളും ചേര്‍ന്ന മാര്‍ച്ചാണെന്നും രാജ്യം പുരോഗതിയിലേക്ക്  പോകണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലെന്നും ഹിമന്ത ബിസ്വ ശര്‍മ വിമര്‍ശിച്ചു. 

ENGLISH SUMMARY:

Assam Chief Minister Himanta Biswa Sarma has challenged the Congress to accept elections conducted using ballot papers, demanding that the Congress governments in Kerala, Karnataka and Telangana resign first. He argued that Rahul Gandhi should resign before demanding the resignation of Chief Election Commissioner Gyanesh Kumar, claiming that Gandhi was also elected through the same electoral process. Sarma defended the Special Intensive Revision (SIR) of electoral rolls, alleging that illegal immigration had changed population patterns in Assam, West Bengal and Jharkhand.