നിയമസഭ തിരഞ്ഞെടുപ്പില്‍  മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് കൂത്തുപറമ്പ് എം എല്‍ എ  കെ പി മോഹനന്‍ . ആര്‍ ജെ ഡിയില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ്   മോഹനന്റ പിന്‍മാറ്റം. അതേസമയം മൂന്നില്‍ കൂടുതല്‍ സീറ്റ് കിട്ടാത്ത സാഹചര്യത്തില്‍ ഭാവി നിലപാട് തീരുമാനിക്കാന്‍ ആര്‍ ജെ ഡിയുടെ നിര്‍ണായക നേതൃയോഗം രാവിലെ 10ന്  തൃശൂരില്‍ ചേരും 

ആര്‍ ജെ ഡിയുടെ ഏക എം എല്‍ എ. അഞ്ചുതവണ മല്‍സരിച്ചതില്‍ നാലിലും ജയം . 2011 മുതല്‍ 16 വരെ യുഡിഎഫ് മന്ത്രിസഭയില്‍ മന്ത്രി. മോഹനനെ കൂത്തുപറമ്പില്‍ വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ ആര്‍ ജെ ഡി നിയോജക മണ്ഡലം കമ്മിറ്റിയില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനും മോഹനന്‍ മല്‍സരിക്കുന്നതിനോട് യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് മുന്നെ കൂട്ടിയുള്ള പ്രഖ്യാപനം. 

സഹോദര പുത്രനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ പി കെ പ്രവീണിനെയാണ്  ഇവിടേക്ക് പരിഗണിക്കുന്നത്. വടകരയില്‍ ജില്ലാ പ്രസിഡന്റ് എം കെ ഭാസ്കരന്‍, കല്‍പറ്റയില്‍ പി കെ  അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിട്ടുള്ളത്. കോവളം ഉള്‍പ്പടെ ആറ് സീറ്റ് വേണമെന്നും  ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തണമെന്നും ആര്‍ ജെ ഡി  സി പി എമ്മിനോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തുടര്‍നിലപാട് തീരുമാനിക്കാന്‍ തൃശൂരില്‍ നേതൃയോഗം  ചേരുന്നത്. നിലവിലുള്ള മൂന്നുസീറ്റ് തന്നെ അംഗീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ സ്ഥാനാര്‍ഥികളെയും ഇന്ന് നിശ്ചയിച്ചേക്കും. മുന്നണി വിടണമെന്നും അതിന് പറ്റിയില്ലെങ്കില്‍ എല്‍ഡി എഫില്‍  തുടര്‍ന്നുകൊണ്ട് തന്നെ മല്‍സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 

ENGLISH SUMMARY:

KP Mohanan has announced he will not contest the assembly elections. This decision comes amidst opposition from within the RJD, leading to a crucial party leadership meeting to decide their future stance.