കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും. ഫയല്‍ ചിത്രം.
തെക്കൻ ജില്ലകളിൽ തട്ടി നിൽക്കുന്ന സ്ഥാനാർഥി ചർച്ച പൂർത്തിയാക്കാന്‍ നേതാക്കൾ നാളെ ഡൽഹിയിൽ യോഗം ചേരും. ഈഴവരെ സ്ഥാനാർഥിത്വത്തിൽനിന്നും തഴയുന്നുവെന്ന് എംപിമാർ അടക്കമുള്ളവർ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടു. ചർച്ചകളിൽനിന്ന് മാറ്റിനിർത്തുന്നു എന്ന പരാതി തരൂരിനും ഉണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തിറക്കിയേക്കും. ബുധനാഴ്ച ചേരുന്ന കേന്ദ്രതിരഞ്ഞെടുപ്പ് സമിതി രണ്ടാം പട്ടിക അംഗീകരിക്കും. 26 ദിവസത്തിനുള്ളിൽ കേരളത്തിലെ ദുർഭരണം അവസാനിക്കുമെന്നും കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തനകമെന്നും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
തൃശൂര്‍ കടന്നാൽ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ് കോൺഗ്രസ് സ്ഥാനാർഥി നിർണയം. തിരുവനന്തപുരം സെൻട്രൽ സീറ്റുമായി ബന്ധപ്പെട്ട് തകിടംമറിഞ്ഞ ജില്ലയിലെ സ്ഥാനാർഥി ചർച്ച മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല. സ്ഥാനാർഥി നിർണയവും പ്രചാരണവും സംബന്ധിച്ച ഒരു വിവരങ്ങളും അറിയിക്കുന്നില്ല എന്ന പരാതിയുമായി ശശി തരൂർ ഹൈക്കമാൻഡിനെ സമീപിച്ചു. കൊല്ലം ചാത്തന്നൂർ ഫോർവേർഡ് ബ്ലോക്കിന് നൽകിയതിലും ചടയമംഗലത്ത് INTUC പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ സ്ഥാനാർഥിയാക്കുന്നതിലും പ്രതിഷേധമുണ്ട്.
പത്തനംതിട്ടയിൽ ഘടകകക്ഷിക്ക് നൽകിയ തിരുവല്ല ഒഴികെ ബാക്കി നാലിടത്തും പ്രതിസന്ധി. ആലപ്പുഴ അരൂരിൽ ഷാനിമോൾ ഉസ്മാൻ സീറ്റുറപ്പിച്ചു. 70 വയസ്സിന് മുകളിലുള്ളവരെ സ്ഥാനാർഥിയാക്കുന്നതിൽ എതിർപ്പ് ശക്തമാണ്. ഈഴവരെ വിജയസാധ്യയുള്ള സീറ്റുകളിൽ നിന്നു മാറ്റി നിർത്തുന്നു എന്നാണ് എംപിമാർ അടക്കമുള്ളവർ ഹൈക്കമാൻഡിന് നൽകിയിട്ടുള്ള പരാതി. മലപ്പുറം ജില്ലയിലെ സമുദായിക സമവാക്യത്തിലും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
തവനൂർ ലീഗിന് വിട്ടുകൊടുക്കുന്നതിൽ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത വിയോജിപ്പുണ്ട്. ഉടക്കി നിൽക്കുന്ന കെ.സുധാകരൻ ചർച്ചകൾക്ക് ഡൽഹിക്ക് വരുമോ എന്നാണ് നേതൃത്വത്തെ ആശങ്കയിൽ ആക്കുന്നത്. സുധാകരൻ പറയുന്ന ആളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. സുധാകരന്റെ കാര്യത്തിൽ പാർട്ടി എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരിക്കുകയാണ് മത്സരിക്കണമെന്നാവശ്യമുന്നയിച്ച ശേഷിക്കുന്ന എട്ട് എംപിമാർ.