ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് മുന്‍ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു ദിവാകരനെ കുന്നത്തുനാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. 140 മണ്ഡലങ്ങളിലും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികള്‍ ഇറങ്ങുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാല്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തത് വെല്ലുവിളിയായി തുടരുകയാണ്.
വോട്ടെടുപ്പ് ഏപ്രില്‍ പകുതിക്ക് ശേഷമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍. പ്രചാരണത്തിന് ഒരു മാസത്തിലേറെ സമയം കിട്ടുമെന്നും അതിനാല്‍ ആദ്യഘട്ട പട്ടിക ചൊവ്വാഴ്ചയും അവശേഷിക്കുന്ന സീറ്റുകളില്‍ ശനിയാഴ്ചക്കകവും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ഏപ്രില്‍ 9 ആയതോടെ കാര്യങ്ങള്‍ വേഗത്തിലാക്കേണ്ട അവസ്ഥയായി. അതുകൊണ്ട് സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പത്തനംതിട്ടയിലെ ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു ദിവാകരനെ കുന്നത്തുനാട്ടില്‍ പ്രഖ്യാപിച്ച് ബി.ജെ.പി തുടങ്ങി.
എ ക്ളാസ് മണ്ഡലങ്ങളടക്കം 50 ലേറെ സീറ്റുകളില്‍ തീരുമാനമായിക്കഴിഞ്ഞു. നേമത്ത് രാജീവ് ചന്ദ്രശേഖരും കഴക്കൂട്ടത്ത് വി.മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും പാലക്കാട് ശോഭാ സുരേന്ദ്രനും കാട്ടാക്കടയില്‍ പി.കെ.കൃഷ്ണദാസും പോലെ ഉറച്ച പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ചില്ലങ്കില്‍ പോലും സ്ഥാനാര്‍ഥികള്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. നാളെയോ മറ്റന്നാളോ ഇവിടങ്ങളില്‍ പ്രഖ്യാപിക്കും. അതേസമയം ട്വന്‍റി ട്വന്‍റിയും ബി.ഡി.ജെ.സും ഉള്‍പ്പടെയുള്ള കക്ഷികളുമായുള്ള സീറ്റ് വിഭജനത്തില്‍ ഭിന്നത തുടരുന്നുണ്ട്. ഇത് പരിഹരിച്ചാല്‍ വെള്ളിയാഴ്ചയോടെ മുഴുവന്‍ പേരെയും കളത്തിലിറക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്.