യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് പിന്നാലെ സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണിയുണ്ടാവും. ഡി.ജി.പിയെ നിലനിര്‍ത്തിയാലും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഉള്‍പ്പടെ പ്രധാന കസേരകളെല്ലാം ഇളക്കി പ്രതിഷ്ഠിക്കും. ഇടത് സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയിരുന്ന ഉദ്യോഗസ്ഥരെ  പ്രധാനപദവികളിലെത്തിക്കാനാണ് ആലോചന. അതിനിടെ  പദവി ഉറപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ചരടുവലികള്‍ തുടങ്ങി. 

 

പത്ത് വര്‍ഷം പിണറായി വിജയന്‍ ഭരിച്ച പൊലീസ്. പി.ശശിയടക്കം പിന്നില്‍ നിന്ന് നിയന്ത്രിച്ച കാക്കിപ്പട. അക്കാലമെല്ലാം അവസാനിച്ച് ആഭ്യന്തരം യു.ഡി.എഫിന്‍റെ കയ്യിലെത്തുമ്പോള്‍ അടിമുടി അഴിച്ചുപണിത് പുതുമോടി വരുത്താനാണ് നീക്കങ്ങള്‍. സംസ്ഥാന പൊലീസ് മേധാവി പദവിയില്‍ റവാഡാ ചന്ദ്രശേഖറിന് ഇനി 15 മാസം കൂടി കാലാവധിയുണ്ട്. അതിന് മുന്‍പ് അദേഹത്തെ മാറ്റണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനമായതിനാല്‍ ഡി.ജി.പിയായി റവാഡാ തുടര്‍ന്നേക്കും. അദ്ദേഹം വിരമിക്കുന്ന 2027 ജൂലൈയിലാണ് യു.ഡി.എഫ് സര്‍ക്കാരിന് സ്വന്തം ഡി.ജി.പിയെ നിയമിക്കാന്‍ അവസരം ലഭിക്കുക. മനോജ് എബ്രഹാം ആ പദവിയിലെത്തിയേക്കും. എന്നാല്‍ സര്‍ക്കാര്‍ വരുന്നതിന് പിന്നാലെ എ.ഡി.ജി.പി മുതല്‍ എസ്.ഐ വരെ അഴിച്ചുപണി നടത്തും. 

 

ക്രമസമാധാന ചുമതലയില്‍ നിന്ന് എച്ച്.വെങ്കിടേഷിനെ മാറ്റിയേക്കും. പി.വിജയനോ ദിനേന്ദ്ര കശ്യപോ പകരമെത്തും.വിജയന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായാല്‍ ദിനേദ്ര കശ്യപിനെ ഇന്‍റലിജന്‍സ് മേധാവിയാക്കിയേക്കും. ജില്ലാ പൊലീസ് മേധാവിമാരെയും സിറ്റി കമ്മീഷണര്‍മാരെയും മാറ്റും. പിണറായി സര്‍ക്കാര്‍ ഇടക്കുവെച്ച് മാറ്റിനിര്‍ത്തിയ യോഗേഷ് ഗുപ്തയെ പ്രധാന പദവിയിലെത്തിക്കാനും ആലോചനയുണ്ട്. എന്നാല്‍ പുനര്‍ജനി തട്ടിപ്പ് ആരോപണത്തില്‍ വി.ഡി.സതീശനെതിരായ റിപ്പോര്‍ട്ട് തയാറാക്കിയത് യോഗേഷ് ഗുപ്ത വിജിലന്‍സ് മേധാവിയായിരിക്കെയാണെന്നത് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അതിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഇടത് ഭരണകാലത്ത് മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാവും എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി സ്ഥലംമാറ്റങ്ങള്‍. ജൂണ്‍ ആദ്യത്തോടെ പൊലീസ് മുഖം അടിമുടി മാറ്റാനാണ് അണിയറ നീക്കങ്ങള്‍.

ENGLISH SUMMARY:

A major reshuffle is expected in the Kerala Police soon after the UDF government assumes power. Even if the State Police Chief is retained, key positions including the ADGP in charge of law and order are likely to be reshuffled. There are discussions about bringing back officers who were sidelined during the Left government’s tenure to important posts. Meanwhile, senior officers have already begun lobbying to secure influential positions.